ക്രിസ്മസ് ആഘോഷത്തിന് ലാലേട്ടനേയും കാത്ത് മേരി മുത്തശ്ശി; നൂറാം വയസ്സിന്റെ ആഗ്രഹം

.എട്ട് മക്കളും 22 കൊച്ചുമക്കളും അവരുടെ മക്കളും അടക്കം നൂറ് പേരടങ്ങുന്നതാണ് മേരി മുത്തശ്ശിയുടെ കുടുംബം
ക്രിസ്മസ് ആഘോഷത്തിന് ലാലേട്ടനേയും കാത്ത് മേരി മുത്തശ്ശി; നൂറാം വയസ്സിന്റെ ആഗ്രഹം

തന്റെ നൂറാം പിറന്നാളിന് അപ്രതീക്ഷിതമായി വന്ന ഫോണ്‍ കോള്‍ മേരി മുത്തശ്ശി ഒരിക്കലും മറക്കില്ല. തന്റെ ഇഷ്ട താരം ഫോണില്‍ വിളിച്ച് ജന്മദിന ആശംസകള്‍ നേര്‍ന്നപ്പോള്‍ മേരി മുത്തശ്ശിയുടെ ബന്ധുക്കളും അമ്പരന്ന് പോയി. ഒരു ദിവസം നേരിട്ട് കാണാന്‍ വരാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ സംഭാഷണം നിര്‍ത്തിയത്.

ഇത്തവണ തന്റെ അഞ്ച് പിന്‍തലമുറകളോടൊപ്പം ക്രിസ്മസ് ആഘോഷിക്കുമ്പോള്‍, തന്റെ ഇഷ്ട താരം ഈ ആഘോഷവേളയില്‍ തന്നെ കാണാന്‍ വരുമെന്ന പ്രതീക്ഷയിലാണ് മേരി മുത്തശ്ശി.'ജന്മദിനത്തില്‍ മോഹന്‍ലാല്‍ വിളിച്ചത് സന്തോഷമായി, വരാമെന്ന് പറഞ്ഞിട്ടുണ്ട്. കാത്തിരിക്കുകയാണ്'- മേരി മുത്തശ്ശി പറയുന്നു.

തന്റെ ഇഷ്ടതാരം മോഹന്‍ലാല്‍ ആണെന്ന് പത്രവാര്‍ത്തകളിലൂടെ അറിഞ്ഞാണ് നടന്‍ മേരി മുത്തശ്ശിയെ നേരിട്ട് വിളിച്ചത്. ജന്മദിനത്തില്‍ കുര്‍ബാനയ്ക്ക് ഇടയിലാണ് ആദ്യം വിളിച്ചത്. പിന്നീട് പളളിയില്‍ വച്ച് കേക്ക് മുറിക്കുന്നതിനിടെ, വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. മോഹന്‍ലാല്‍ വിളിച്ചത് പളളിയില്‍ കൂടിനിന്നിരുന്ന മക്കളെയും കൊച്ചുമക്കളെയും അമ്പരപ്പിച്ചു.

കൊച്ചിയിലെ തൈക്കൂടം കൂടാരപ്പിള്ളി കുടുംബത്തില്‍ അംഗമാണ് മേരി മുത്തശ്ശി.എട്ട് മക്കളും 22 കൊച്ചുമക്കളും അവരുടെ മക്കളും അടക്കം നൂറ് പേരടങ്ങുന്നതാണ് മേരി മുത്തശ്ശിയുടെ കുടുംബം. ക്രിസ്മസ് അവരവരുടെ വീടുകളില്‍ ആഘോഷിക്കേണ്ടതിനാല്‍, 28ന് ഒത്തുകൂടാനാണ് മേരി മുത്തശ്ശിയുടെ മക്കളും കൊച്ചുമക്കളും തീരുമാനിച്ചിരിക്കുന്നത്. 

കുട്ടിക്കാലത്ത് ചെറിയ വീട് വച്ചു കെട്ടിയായിരുന്നു ക്രിസ്മസ് ആഘോഷം. അതില്‍ ഉണ്ണി യേശുവിനെ കിടത്തിയായിരുന്നു ആഘോഷം. കൊടിയും തോരണങ്ങളും കുരുത്തോലകളും കൊണ്ടെല്ലാം അലങ്കരിച്ചാണ് അന്നത്തെ ക്രിസ്മസ് ആഘോഷമെന്ന് മേരി മുത്തശ്ശി ഓര്‍മ്മിക്കുന്നു. ഉണക്ക ചെമ്മീനും ചോറുമാണ് മേരി മുത്തശ്ശിയുടെ ഇഷ്ട വിഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com