എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിലും ചട്ടലംഘനം; ഉദ്യോഗാര്‍ത്ഥികളെ ഹിയറിങ്ങിന് വിളിപ്പിച്ച് ഗവര്‍ണര്‍

പിവിസി തെരഞ്ഞെടുത്ത മൂന്ന് പേര്‍ നിയമിതരായി കൊളജില്‍  പഠിപ്പിക്കാന്‍ എത്തിക്കഴിഞ്ഞ ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്
എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിലും ചട്ടലംഘനം; ഉദ്യോഗാര്‍ത്ഥികളെ ഹിയറിങ്ങിന് വിളിപ്പിച്ച് ഗവര്‍ണര്‍

കൊട്ടയം; എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിലും ചട്ടലംഘനം നടന്നതായി പരാതി. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ്ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന സര്‍വകലാശാല ചട്ടമാണ് പല തവണ ലംഘിച്ചത്. ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ വിസിയുടെ അഭാവത്തില്‍ ക്രമക്കേട് നടന്നെന്ന പരാതി ഗവര്‍ണ്ണര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളെ ഗവര്‍ണര്‍ ഹിയറിങ്ങിന് വിളിച്ചു. 

ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തിന്റെ അഭിമുഖം സെപ്റ്റംബര്‍ അവസാന വാരമാണ് നടന്നത്. പൊതുവിഭാഗത്തില്‍ ഒന്നും സംവരണ വിഭാഗത്തിലേക്ക് രണ്ടും ഒഴിവുകള്‍. 275 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചു. മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് നടത്തിയ അഭിമുഖത്തില്‍ സര്‍വകലാശാല വൈസ്ചാന്‍സിലര്‍ പങ്കെടുത്തില്ല. പകരം പ്രോവൈസ്ചാന്‍സിലര്‍ അഭിമുഖം നടത്തിയത്.

വിസിയുടെ അഭാവത്തില്‍ പിവിസിക്ക് പകരം ചുമതല വഹിക്കാം എന്നതല്ലാതെ അദ്ദേഹത്തിന്റെ അധികാരം നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സര്‍വകലാശാല നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു മാത്രമല്ല പിവിസി തെരഞ്ഞെടുത്ത മൂന്ന് പേര്‍ നിയമിതരായി കൊളജില്‍  പഠിപ്പിക്കാന്‍ എത്തിക്കഴിഞ്ഞ ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പരാതിയില്‍ പറയുന്നത്. 

യുജിസി മാനദണ്ഡമനുസരിച്ച് നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം വേണമെന്നുണ്ട്. എന്നാല്‍ നിയമനം ലഭിച്ച മൂന്ന് പേര്‍ക്കും ഗാന്ധിയന്‍ സ്റ്റഡീസിലോ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലോ പിജി ഇല്ല. പിഎച്ച്ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപന പരിചയവുമുള്ളവര്‍ തഴയപ്പെട്ടു. പരാതിയിന്‍മേല്‍ ഗവര്‍ണ്ണര്‍ ഉദ്യോഗാര്‍ത്ഥികളെ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com