ശബരിമലയിലും പ്രളയത്തിലും വിളിക്കാത്ത യോഗം ഇപ്പോഴെന്തിന്?; ഗവര്‍ണറെ നിയമസഭയില്‍ കയറ്റുമോ?; ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രന്‍

ശബരിമലയിലും പ്രളയത്തിലും വിളിക്കാത്ത യോഗം ഇപ്പോഴെന്തിന്?; ഗവര്‍ണറെ നിയമസഭയില്‍ കയറ്റുമോ?; ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രന്‍

പൗരത്വ നിയമഭേദഗതിയേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത അധികാര ദുര്‍വിനിയോഗമാണ് പ്രകടമാക്കുന്നത്

പൗരത്വ നിയമഭേദഗതിയേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത അധികാര ദുര്‍വിനിയോഗമാണ് പ്രകടമാക്കുന്നത്. അതിനു പിന്നിലെ തെറ്റായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണ് ഒന്നാമത്തെ കാര്യം. കേരളം ഭരിക്കുന്ന ഇടതുമുന്നണിയുടെയും അതിനു നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെയും കേന്ദ്രവിരുദ്ധ രാഷ്ട്രീയ അജന്‍ഡയ്ക്ക് പ്രതിപക്ഷത്തെ നയിക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗവും കൂട്ടുനില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു.

പാര്‍ലമെന്റിനെതിരേ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് നടത്തുന്ന ഗൂഢാലോചന എന്നു വിശേഷിപ്പിക്കേണ്ടി വരുന്നു. ഈ വിയോജിപ്പ് തുറന്നു പറയാനാണ് ബിജെപി പ്രതിനിധികള്‍ പങ്കെടുക്കുന്നത്. കേള്‍ക്കുമ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ കടുത്ത ആരോപണം ഉന്നയിക്കുകയാണ് എന്നു തോന്നാം. പക്ഷേ, പാര്‍ലമെന്റിന്റെ രണ്ട് സഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവച്ച് നിയമമാക്കുകയും ചെയ്ത നിയമത്തിനെതിരേ വലിയ മുന്നൊരുക്കങ്ങളുള്ള കുപ്രചരണമാണ് നടക്കുന്നത്. അതിനു നേതൃത്വം നല്‍കുന്നത് ഭരണഘടനയെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും മറ്റുമാണ് എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. നിയമത്തിന്റെ ചട്ടങ്ങള്‍ തയ്യാറാക്കി വിശദമായ വിജ്ഞാപനം ഇനിയും വരാനിരിക്കുന്നതേയുള്ളു. ആ ഘട്ടത്തില്‍ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരികയും ചെയ്യും. എന്നാല്‍ വ്യക്തത വരരുത് എന്നും അവ്യക്തതയും ആശങ്കയും നിലനില്‍ക്കണം എന്നും നിര്‍ബന്ധമുള്ളവരുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും ആ കൂട്ടത്തിലാണ്.

വിയോജിപ്പിനും വിമര്‍ശനത്തിനും മറ്റേതു രാജ്യത്തുമുള്ളതിലും വിശാലമായി തുറന്ന വാതായനങ്ങളുള്ള ജനാധിപത്യമാണ് നമ്മുടേത്. അത് ദുരുപയോഗം ചെയ്യാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുന്നത് ജനാധിപത്യത്തോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ള ഒരാള്‍ക്കും നിസ്സാരമായി കാണാനാകില്ല. പൗരത്വനിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന പ്രചരണത്തിനു മറുചോദ്യമായി തുടക്കം മുതല്‍ ഉന്നയിക്കുന്നതും ഇതുവരെ ഇവര്‍ മറുപടി നല്‍കിയിട്ടില്ലാത്തതുമായ ചോദ്യം ആവര്‍ത്തിക്കട്ടെ, ഈ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്ന് രാജ്യത്തെ ഏതെങ്കിലും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ടോ?

നിയമം സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടു നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി സ്‌റ്റേ നല്‍കാന്‍ തയ്യാറായിട്ടുമില്ല. വാദം കേള്‍ക്കാന്‍ മാറ്റിവച്ചിരിക്കുകയാണ്. വാദം നടക്കട്ടെ, അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ നിരത്താവുന്ന ഇടമാണല്ലോ കോടതി. പക്ഷേ, അതിനു കാത്തു നില്‍ക്കാതെ ഏകപക്ഷീയ പ്രചരണം തുടരുകയാണ്; കാര്യമുണ്ട്: പാര്‍ലമെന്റ് പാസാക്കിയ നിയമം കൈയോടെ എടുത്ത് സുപ്രീംകോടതി കൊട്ടയിലിടും എന്നൊക്കെ പ്രസംഗിക്കുമ്പോള്‍ പറയുന്ന നേതാക്കള്‍ക്ക് അകമേ അത്രയ്ക്ക് ആത്മവിശ്വാസമില്ല. അപ്പോള്‍പ്പിന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതു തുടരുകതന്നെ. അതിന്റെ ഭാഗമാണ് മുഖ്യമന്ത്രി വിളിച്ച യോഗവും.

പൗരത്വ നിയമഭേദഗതിക്ക് എതിരെ എല്‍ഡിഎഫും യുഡിഎഫും നടത്തിയ സംയുക്ത സമരത്തില്‍ നിന്ന്‌

മുഖ്യമന്ത്രിയുടെ അറിയിപ്പില്‍ പറയുന്നത് ശ്രദ്ധിക്കൂ: '' പൗരത്വ നിയമഭേദഗതി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ കടുത്ത ആശങ്കയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും മതസാമൂഹിക സംഘടനകളുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നു''. ഇത് നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ കക്ഷികളുടെ യോഗമല്ല എന്ന് വ്യക്തം. സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയണമെന്നും പൗരത്വ നിയമഭേദഗതിയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പ്രതിഫലിപ്പിക്കുന്ന യോജിപ്പ് ഉയര്‍ന്നുവരണം എന്നുമാണ് മുഖ്യമന്ത്രിയുടെ അറിയിപ്പില്‍ പറയുന്നത്. ഈ പറഞ്ഞ രണ്ടു കാര്യങ്ങളിലും വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. 'മതനിരപേക്ഷ അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന്'  സാമൂഹിക സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കേണ്ട അപകടകരമായ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു എന്ന് വരുത്തുന്നു. ഞങ്ങള്‍ക്കൊപ്പം നിന്ന് ഈ നിയമത്തോടു വിയോജിക്കാത്തവരൊന്നും ജനപക്ഷത്തല്ല എന്ന് പരോക്ഷമായി ആരോപിക്കുകയും ചെയ്യുന്നു. സംശയരഹിതമായും ഇത് കേരളത്തിലെ ജനങ്ങളില്‍ അനാവശ്യ ഭീതി പരത്താനും വിഭാഗീയത വളര്‍ത്താനും ഇടവരുത്തുന്ന യോഗമാണ്. അത്തരമൊരു യോഗത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പണവും ഭരണാധികാരികളുടെ സമയവും ഉള്‍പ്പെടെ ചെലവവിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം മാത്രമല്ല അഴിമതി കൂടിയാണ്.

ശബരിലയിലും പ്രളയത്തിലും വിളിക്കാത്ത യോഗം

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിന് അനുകൂലമായി 2018 സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി വിധി വന്ന ശേഷമുള്ള സാഹചര്യം കേരളം മറന്നിട്ടില്ല. തൊട്ടടുത്ത ദിവസം മുതല്‍തന്നെ ആ വിധി നടപ്പാക്കാനുള്ള അമിതാവേശമാണ് സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത്. എന്നാല്‍ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് വിയോജിപ്പുള്ള കാര്യമാണ് അത് എന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും ആ വിയോജിപ്പിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. അത്തരമൊരു യോഗം എവിടെയെങ്കിലും സംസ്ഥാന സര്‍ക്കാരിലെ ഏതെങ്കിലും മന്ത്രിയോ ഉദ്യോഗസ്ഥനോ വിളിച്ചതായി കേരളത്തിന് ഓര്‍മയില്ല. ശബരിമല വിധിയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം ഉയരുകയും പ്രക്ഷോഭങ്ങള്‍ വ്യാപിക്കുകയും ചെയ്തപ്പോള്‍ പക്വമതികളായ സാമൂഹിക രാഷ്ട്രീയ നേതാക്കളും ചിന്തകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമൊക്കെ ചൂണ്ടിക്കാട്ടിയ കാര്യമാണത്. എ്ന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒരു സര്‍വകക്ഷി യോഗം വിളിക്കാത്തത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ഉണ്ടായില്ല.

കേരളത്തെ പിടിച്ചുലച്ച ഓഖി ദുരന്തം, രണ്ട് പ്രളയങ്ങള്‍ എന്നിവയുടെ മുറിപ്പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. പ്രളയ ദുരിതബാധിതരുടെ പുനരധിവാസം ഇപ്പോഴും പാതിവഴിയില്‍ പോലും എത്തിയിട്ടില്ല എന്നത് രാഷ്ട്രീയ ആരോപണമല്ല. ദുരിതബാധിതര്‍തന്നെ മാധ്യമങ്ങളോടു തുറന്നു പറഞ്ഞ സത്യമാണ്. പ്രളയത്തില്‍ തകര്‍ന്ന വീടുകളിലേക്കു തന്നെ ആളുകള്‍ തിരിച്ചു പോകുന്നതിന്റെയും വാടക വീടുകളിലേക്ക് മാറിയവര്‍ക്ക് വാടക നല്‍കാനുള്‍പ്പെടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പണം ലഭിക്കാത്തതിന്റെ ദുരിതവും മാധ്യമങ്ങള്‍ പുറത്തെത്തിച്ചു. ഒരായുസ്സിലെ അധ്വാനമത്രയും പ്രളയമെടുത്തപ്പോള്‍ നിസ്സഹായരായിപ്പോയ മനുഷ്യരുടെ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനേക്കുറിച്ച് ആലോചിക്കാന്‍ സാമൂഹിക, രാഷ്ട്രീയ സംഘടനകളുടെ ഒരൊറ്റ കൂടിയാലോചനാ യോഗമെങ്കിലും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടില്ല.

മുഖ്യമന്ത്രി ഈ മൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ പലവട്ടം സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഇതിനു മുമ്പുള്ള മുഖ്യമന്ത്രിമാരും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരുമൊക്കെ വിവിധ സാഹചര്യങ്ങളില്‍ സര്‍വകക്ഷി യോഗങ്ങള്‍ വിളിക്കുന്നത് ഭരണനടപടികളുടെ ഭാഗമാണ്. ഇടുക്കിയിലെ കര്‍ഷകരുടെയും മറ്റു വിഭാഗങ്ങളുടെയും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് പിണറായി വിജയന്‍ ഒടുവില്‍ സര്‍വകക്ഷി യോഗം വിളിച്ചത്, ഡിസംബര്‍ 17ന്. നല്ലതുതന്നെ. എന്നാല്‍ ജനങ്ങളുടെ ഇടയില്‍ പരക്കെ ആശയക്കുഴപ്പവും അസ്വസ്ഥതയും വേദയനും ഉണ്ടായ ശബരിമല, ഓഖി പ്രളയാനന്തര പുനരധിവാസ കാര്യങ്ങളില്‍ ഏകാധിപത്യപരമായി സ്വന്തം തീരുമാനങ്ങള്‍ മാത്രം നടപ്പാക്കി. അതേ മുഖ്യമന്ത്രിയും സര്‍ക്കാരും ഇപ്പോഴത്തെ യോഗത്തിന്റെ പേരില്‍ ഭരണഘടനാപരമായും ജനാധിപത്യമൂല്യങ്ങളുടെ പേരിലും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഇതിനു പകരം മുഖ്യമന്ത്രിയും അദ്ദേഹം വരച്ച വരയില്‍ നിന്നു മാറി നില്‍ക്കാന്‍ മടിക്കുന്ന പ്രതിപക്ഷ നേതാവും സത്യം പറയാന്‍ തയ്യാറാകണം. പൗരത്വ നിയമഭേദഗതി കേരളത്തിലെ മതേതര അന്തരീക്ഷത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല എന്നതല്ലേ സത്യം? പൗരത്വ നിയമഭേദഗതിയുടെ പേരില്‍ നിങ്ങള്‍ കൂട്ടുചേര്‍ന്നു ജനങ്ങളിലുണ്ടാക്കാന്‍ ശ്രമിക്കുന്ന ആശങ്കയ്ക്കു പിന്നില്‍ നിങ്ങളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമല്ലേ? കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കഠാരയ്ക്ക് ഇരയാക്കുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള വിയോജിപ്പ് മൂലം സംയുക്ത പ്രതിഷേധത്തില്‍ നിന്നു മാറി നില്‍ക്കുന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

നിയമസഭയില്‍ ഗവര്‍ണറെ കയറ്റുമോ?

ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് മനസ്സിലായപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് താല്‍പര്യമെടുത്ത് രൂപീകരിച്ച നവോത്ഥാന സമിതിയുടെ  ഇപ്പോഴത്തെ അവസ്ഥ കേരളജനതയ്ക്ക് മുന്നിലുണ്ട്. പക്ഷേ, ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ചേരിതിരിവിന്റെ പ്രതീതിയുണ്ടാക്കാനും ഒരുപരിധി വരെ അതിലൂടെ സാധിച്ചു. നവോത്ഥാന സമിതിയുടെ പിന്നിലെ സിപിഎം രാഷ്ട്രീയം വ്യക്തമായതുകൊണ്ടാണ് അതിനൊപ്പം നിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞത്. പക്ഷേ, അവരെ മുന്നില്‍ നിര്‍ത്തി ആളുകളെ തെറ്റിദ്ധരിപ്പിച്ചു വനിതാ മതില്‍ ഉണ്ടാക്കിയതും ആ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചതും അധികം മുമ്പല്ല. ഇപ്പോഴും ആലോചനകളും നീക്കങ്ങളും ആ വഴിക്കാണ് എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ നിയമഭേദഗതിയുടെ പേരില്‍ മതിലോ ചങ്ങലയോ കോട്ടയോ നിര്‍മിക്കാനും അതിനു സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കാനുമുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയുള്ളതുകൊണ്ട് അത്തരം കാര്യങ്ങള്‍ എളുപ്പമാകും എന്നും മുഖ്യമന്ത്രി കരുതുന്നുണ്ടാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കുട്ടനാട് ഉപതെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്. ആ തെരഞ്ഞെടുപ്പുകളില്‍ പിണറായി വിജയനും രമേശ് ചെന്നിത്തലയും സംയുക്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതുകൂടി കാണാനുള്ള അവസരം കേരളത്തിന് ഉണ്ടായേക്കും എന്നു തോന്നുന്നു.

പരിഹാസമല്ല ഇത്; ന്യൂജനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ ട്രോളല്ല. രണ്ടുകൂട്ടരും ഒരു പോലെ യോജിക്കുന്ന കേന്ദ്ര വിരുദ്ധ, മോദി വിരുദ്ധ കൂട്ടായ്മയുടെ എതിര്‍ഭാഗത്തു നില്‍ക്കുന്നത് സത്യം സത്യമായി തിരിച്ചറിയുന്ന ജനങ്ങളായിരിക്കും. അതിന് മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് തുടക്കമിടുന്ന കാഴ്ചയാണ് എല്ലാ ജനാധിപത്യ മര്യാദകള്‍ക്കും എതിരായ ഈ അസാധാരണ യോഗത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്. തിരുത്താന്‍ ഇനിയും അവസരമുണ്ട്. പൗരത്വ നിയഭേദഗതി ഇന്ത്യക്കാരായ ഒരു മുസ്‌ലിമിനു പോലും എതിരല്ല എന്ന വസ്തുത ഉള്‍ക്കൊള്ളുകയാണ് അതിന് ആദ്യം വേണ്ടത്. ജനസംഖ്യാ കണക്കെടുപ്പ് എന്ന അതിസാധാരണ നടപടി കേരളത്തില്‍ നടപ്പാക്കില്ല എന്ന ശാഠ്യം അവസാനിപ്പിക്കുകയാണ് പിന്നെ ചെയ്യേണ്ടത്. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്യുകയോ പാര്‍ലമെന്റില്‍ അത്തരമൊരു ചര്‍ച്ച വരികയോ ചെയ്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും ചെയ്യണം.

ഇതിനെല്ലാം കാര്യങ്ങളെ തുറന്ന മനസ്സോടെ കാണാനും മനസ്സിലാക്കാനുമുള്ള ജനാധിപത്യപരമായ സമീപനം വേണം. പക്ഷേ, ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്ന, ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണറെപ്പോലും സംശയനിഴലിലാക്കുന്ന രീതിയാണ് സ്വീകരിച്ചു കാണുന്നത്. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്നതിന്റെ പേരിലാണ് ഗവര്‍ണര്‍ക്കെതിരേ പ്രതിപക്ഷത്തെ മുഖ്യകക്ഷി രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടത്. അതിനെ മുഖ്യമന്ത്രി എതിര്‍ത്തു കണ്ടില്ല. വിമര്‍ശനത്തിനൊപ്പം പരസ്യമായി ചേര്‍ന്നില്ലെന്നു മാത്രം. അങ്ങനെ ചേര്‍ന്നാല്‍ മുഖ്യമന്ത്രിക്ക് പിന്നീട് ആ കസേരിയില്‍ തുടരാനുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെടും എന്ന് ബോധ്യമുള്ളതുകൊണ്ടാകും അദ്ദേഹം വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കാത്തത്.

പക്ഷേ, അടുത്ത മാസം ഒടുവില്‍ നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം ചേരാനിരിക്കുകയാണ്. പതിവു പോലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആയിരിക്കുമോ ബജറ്റ് സമ്മേളനത്തിന്റെ തുടക്കം എന്ന് കാണാന്‍ കാത്തിരിക്കുകയാണ് കേരളം. അതോ പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന ഗവര്‍ണറെ ഒഴിവാക്കി പുതിയ കീഴ്‌വഴക്കങ്ങള്‍ തുടങ്ങിക്കളയുമോ.  പ്രതിപക്ഷം അപ്പോള്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുക. ഭരണഘടനയേക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉത്കണ്ഠപ്പെടുന്നവരുടെ ഭരണഘടനാ പ്രതിബദ്ധത വീണ്ടും മാറ്റുരയ്ക്കപ്പെടാന്‍ പോവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com