സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി; സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധം

പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു
സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് ബിജെപി; സര്‍ക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധം

തിരുവനന്തപുരം: പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ബിജെപി ബഹിഷ്‌കരിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. യോഗം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നിയമത്തിനെതിരെയാണ് സര്‍ക്കാര്‍ രംഗത്തുവരുന്നതെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കണം. നിയമത്തിനെതിരെ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിധി വരുന്നത് വരെ കാത്തിരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.  

ഗവര്‍ണറെ ആക്രമിച്ച സംഭവം യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ബിജെപി നേതാക്കള്‍ ആവശ്യം ഉന്നയിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കിയതോടെ ബിജെപി അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ച് പുറത്തിറങ്ങുകയായിരുന്നു. 

ഇന്നത്തെ യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇനിയുള്ള തുടര്‍ പ്രതിഷേധങ്ങള്‍ തീരുമാനിക്കുക.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ മതസാമുദായിക സംഘടനകളേയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. 

പൗരത്വ നിയമഭേദഗതിക്കെതിരേ നേരത്തേ ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദേശീയ ശ്രദ്ധ നേടിയ ഈ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമര പരിപാടികളും ചര്‍ച്ചയാകും. ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തുടര്‍ സംയുക്ത പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കാനുള്ള സാധ്യത വിരളമാണ്. ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങള്‍ക്ക് മുല്ലപള്ളി ശക്തമായ പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണിത്. അതേസമയം, രമേശ് ചെന്നിത്തലയും സമാന വിഷയത്തില്‍ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com