ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞ് കേരളം; അറിയേണ്ടതെല്ലാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st December 2019 08:14 AM  |  

Last Updated: 31st December 2019 08:14 AM  |   A+A-   |  

 

തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും.

പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്‌ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്,പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ് , പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫെഌക്‌സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നിരോധനം.  അതേസമയം ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുന്‍കൂട്ടി അളന്നുവച്ച ധാന്യങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ തൂക്കം നിര്‍ണയിച്ച ശേഷം വില്‍പ്പനയ്ക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍, ബ്രാന്‍ഡ് ചെയ്ത ഉല്‍പ്പനങ്ങളുടെ പാക്കറ്റ്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റ് തുടങ്ങിയവയ്ക്കുളള നിരോധനമാണ് നീക്കിയത്.

പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പ്പനങ്ങള്‍ വില്‍ക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍,കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.