'രാഷ്ട്രവും രാഷ്ട്രീയവും  രണ്ടാണ് ; തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി' ; പ്രമേയത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ

മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ വീരവാദം പറയുന്നതെന്നും രാജഗോപാല്‍
'രാഷ്ട്രവും രാഷ്ട്രീയവും  രണ്ടാണ് ; തെറ്റായി വ്യാഖ്യാനിക്കുന്നത് സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടി' ; പ്രമേയത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ

തിരുവനന്തപുരം : പൗരത്വനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തിനെ എതിര്‍ത്ത് ബിജെപി. പാര്‍ലമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ക്കെതിരായ  പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പറഞ്ഞു. മതത്തിന്റെ പേരില്‍ ആര്‍ക്കും പൗരത്വം നിഷേധിക്കുന്നതല്ല നിയമം. നിയമത്തെ വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കകുയാണ് ലക്ഷ്യമെന്ന് ഒ രാജഗോപാല്‍ ആരോപിച്ചു.

പൗരത്വനിയമം മുസ്ലിങ്ങള്‍ക്കെതിരല്ല. രാഷ്ട്രവും രാഷ്ട്രീയവും രണ്ടും രണ്ടാണ്. മതത്തിന്റെ പേരില്‍ രാഷ്ട്രത്തെ വിഭജിച്ചവരാണ് ഇപ്പോള്‍ വീരവാദം പറയുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. പൗരത്വം എന്നു പറഞ്ഞാല്‍ അധികാരം കൊടുക്കലാണ്. ആ അധികാരം കൊടുക്കുന്ന അവസരത്തില്‍ അത് ജാതിക്കും മതത്തിനും എല്ലാം അതീതമായി നമ്മുടെ നാട്ടില്‍ ജീവിക്കുകയും ഈ രാജ്യത്തെ സ്‌നേഹിക്കുകയും, ഈ രാജ്യത്തിന്റെ സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്നവരൊക്കെ പൗരന്മാര്‍ തന്നെയാണ്. അതില്‍ ആര്‍ക്കാണ് വിരോധമുള്ളത്.

പൗരത്വം ഇന്ന ആള്‍ക്ക് കൊടുക്കണം, ഇന്നയാള്‍ക്ക് കൊടുക്കാന്‍ പാടില്ല എന്ന് ആരും വാദിച്ചിട്ടില്ല. അങ്ങനെ തെറ്റായിട്ട് വാദിച്ചു എന്ന് പറഞ്ഞ്, അതിന്റേ മേലേ കുതിരകയറാന്‍ നടക്കുന്ന ശ്രമങ്ങള്‍ വൃഥാവിലാണ്. നരേന്ദ്രമോദി പറയുന്നപോലെ എന്റെ ഗ്രന്ഥം വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ആ ഭരണഘടന അനുസരിച്ചിട്ടുള്ള കാര്യങ്ങള്‍ നടക്കണമെന്ന് മാത്രമാണ് ബിജെപിക്ക് ആഗ്രഹമുള്ളത്. അതിനെ തെറ്റായ തരത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സങ്കുചിതമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാണ്. രാഷ്ട്രത്തിന്റെ നന്മയ്ക്ക് വേണ്ടിയിട്ടല്ലെന്നും രാജഗോപാല്‍ പറഞ്ഞു.
 
പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭയില്‍ സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയന്‍ അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ പ്രമേയത്തെ, മുമ്പ് ബിജെപിക്കൊപ്പം നിന്ന ജനപക്ഷം പാര്‍ട്ടി നേതാവ് പി സി ജോര്‍ജ്ജ് പിന്തുണച്ചു. പ്രമേയത്തിനെതിരെ യോജിച്ച് പ്രക്ഷോഭം ഉണ്ടാകണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com