ജയിലില്‍ സുഖമായി കിടക്കാമല്ലോ ;കുഞ്ഞനന്തന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്തെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st February 2019 11:31 AM |
Last Updated: 01st February 2019 11:32 AM | A+A A- |
കൊച്ചി : ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ പ്രശ്‌നം എന്താണെന്ന് ഹൈക്കോടതി. ജയിലില്‍ കഴിയുന്നതിന് എന്താണ് തടസ്സം. ജയിലില്‍ കിടന്ന് ചികില്‍സിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. നടക്കാന്‍ കഴിയില്ല എന്ന് കുഞ്ഞനന്തന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ജയിലില്‍ സുഖകരമായി കിടക്കാമല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു.
കുഞ്ഞനന്തന്റെ യഥാര്‍ത്ഥ ആരോഗ്യപ്രശ്‌നം എന്താണ്?. മെഡിക്കല്‍ കോളേജ് റിപ്പോര്‍ട്ടില്‍ നിന്നും ഒന്നും വ്യക്തമാകുന്നില്ല. കുഞ്ഞനന്തന്‍ അധികനാള്‍ ജയിലില്‍ കിടന്നിട്ടില്ല എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രതിയുടെ അവകാശമാണ് പരോളെന്ന് കുഞ്ഞനന്തന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കുഞ്ഞനന്തന് ശാരീരിക അവശതകളുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകനും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ടി പി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങള്‍ മറികടന്ന് പരോള്‍ അനുവദിച്ചു എന്നുകാണിച്ച് ടിപിയുടെ ഭാര്യ കെ കെ രമ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ചികിത്സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണ് എന്നാണ് രമ ഹര്‍ജിയില്‍ ആരോപിച്ചത്. അസുഖത്തിന്റെ പേരില്‍ പി കെ കുഞ്ഞനന്തനെ അനധികൃതമായി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു എന്നും രേഖാമൂലം രമ കോടതിയെ ബോധിപ്പിച്ചിരുന്നു.
ഹര്‍ജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കില്‍ പരോളല്ല ഉപാധി എന്നും സര്‍ക്കാര്‍ ചികിത്സ നല്‍കുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ ജയില്‍ സൂപ്രണ്ടിന്റെ മറുപടിയോട് കൂടിയ വിശദീകരണം നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസില്‍ തന്റെ ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് പി കെ കുഞ്ഞനന്തനും മറ്റൊരു ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കണ്ണൂര്‍ പാനൂര്‍ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജയില്‍വാസക്കാലത്ത് നടന്ന സിപിഎം ഏരിയാ സമ്മേളനത്തിലും ജില്ലാ സമ്മേളനത്തിലും പങ്കെടുത്തു. ജയില്‍വാസക്കാലത്ത് കുഞ്ഞനന്തന്‍ പരോളിലിറങ്ങിയാണ് ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തത് എന്നും കെ കെ രമ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കൊലക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ കുഞ്ഞനന്തന് പിണറായി സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണയായി 196 ദിവസമാണ് പരോള്‍ നല്‍കിയത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.