അന്നുമാത്രം സിസിടിവി പ്രവര്‍ത്തിക്കാതിരുന്നത് ദുരൂഹം, ക്യാമറയിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചതായി സംശയമുളളതായി ആന്‍ലിയയുടെ അച്ഛന്‍

ആന്‍ലിയയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പിതാവ് ഹൈജിനസ്
അന്നുമാത്രം സിസിടിവി പ്രവര്‍ത്തിക്കാതിരുന്നത് ദുരൂഹം, ക്യാമറയിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചതായി സംശയമുളളതായി ആന്‍ലിയയുടെ അച്ഛന്‍

തൃശൂര്‍: ആന്‍ലിയയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പിതാവ് ഹൈജിനസ്. ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സഹായിക്കുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുകയാണെന്നും ഹൈജിനസ് ആരോപിച്ചു. തന്റെ മകളുടേത് കൊലപാതകമാണെന്നു സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ കൈവശമുണ്ട്. അതെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറുമെന്നും ഹൈജിനസ് പറഞ്ഞു.

ആന്‍ലിയ ആത്മഹത്യ ചെയ്തതാണെന്നു ക്രൈംബ്രാഞ്ച്  വ്യക്തമാക്കി, ക്രൈംബ്രാഞ്ച് അന്വേഷണം നിര്‍ത്തി തുടങ്ങിയ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട്  ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് ഹൈജിനസ് ആരോപിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് ആന്‍ലിയയെ കാണാതായത്. ആന്‍ലിയയെ താന്‍ ബംഗളുരുവിലേക്ക് ട്രെയിന്‍ കയറ്റിവിട്ടു എന്നാണ് ഭര്‍ത്താവ് ജസ്റ്റിന്‍ പറയുന്നത്. അതേ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പോലീസിനു കൈമാറാത്തത് സംശയാസ്പദമാണ്. അന്നേദിവസം സിസിടിവി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്നാല്‍ സിസി ടിവി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവത്തിനു മുന്‍പും ശേഷവുമുള്ള ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണെന്നിരിക്കേ, അന്നേ ദിവസം മാത്രം സിസിടിവി പ്രവര്‍ത്തിച്ചില്ല എന്ന മറുപടി ദുരൂഹമാണ്.റെയില്‍വേ ജീവനക്കാരിയും ഇക്കാര്യം തന്നോട് സൂചിപ്പിച്ചിരുന്നതായും ഹൈജിനസ് പറയുന്നു.

ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലെ ജീവനക്കാരനായ ജസ്റ്റിന്റെ പിതാവ്  സ്വാധീനം ഉപയോഗിച്ചു ക്യാമറയിലുള്ള ദൃശ്യങ്ങള്‍ നശിപ്പിക്കുകയോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തെളിവ് ഇല്ലാതാക്കുകയോ ചെയ്‌തെന്നുമാണു തന്റെ സംശയമെന്നും ഹൈജിനസ് പറഞ്ഞു.

പെരിയാറിലേക്ക് ചാടുന്നതിന് മുമ്പ് ആന്‍ലിയ തന്നെ വിളിച്ചെന്ന് ജസ്റ്റിന്‍ കള്ളക്കഥ മെനഞ്ഞതാണെന്നും സംശയമുണ്ട്. ഓഗസ്റ്റ് 25ന് വൈകിട്ട് 4.28നാണ് ആന്‍ലിയയുടെ ഫോണില്‍നിന്ന് അവസാന കോള്‍ പോയിരിക്കുന്നത്.എന്നാല്‍, ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ട വൈദികനോടു സംസാരിച്ചു നില്‍ക്കുന്നതിനിടെ 4.37ന് ജസ്റ്റിന് ഒരു കോള്‍ വന്നിരുന്നു. അത് ആന്‍ലിയയുടേതാണ് എന്നാണ് ജസ്റ്റിന്‍ വൈദികനോട് പറഞ്ഞത്അവള്‍ പുഴയിലേക്ക് ചാടാന്‍ നില്‍ക്കുകയാണെന്നും പറഞ്ഞത്രേ. ആന്‍ലിയയോട് സംസാരിക്കാന്‍ താന്‍ ഫോണ്‍ ചോദിച്ചിട്ടും ജസ്റ്റിന്‍ തന്നില്ലെന്ന് പിന്നീട് പുരോഹിതന്‍ പറഞ്ഞിരുന്നെന്നും  ഹൈജിനസ് ചൂണ്ടിക്കാട്ടുന്നു.

ആന്‍ലിയയെ കാണാനില്ല എന്ന് ജസ്റ്റിന്‍ പോലീസില്‍ പരാതിപ്പെട്ടത് രാത്രി 11 നാണ്. എന്തുകൊണ്ട് ആന്‍ലിയ പുഴയില്‍ ചാടാന്‍ നിന്ന നേരത്ത് പോലീസില്‍ പരാതിപ്പെട്ടില്ല എന്നും ഹൈജിനസ് ചോദിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com