എസ്പി ചൈത്രയ്ക്ക് എതിരെ അച്ചടക്ക നടപടിയെടുക്കുന്നത് തടയണം: ഹൈക്കോടതിയില്‍ ഹര്‍ജി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി
എസ്പി ചൈത്രയ്ക്ക് എതിരെ അച്ചടക്ക നടപടിയെടുക്കുന്നത് തടയണം: ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. അന്വേഷണ ആവശ്യത്തിനായി പൊലീസ് പ്രവേശിക്കുന്നതു തടയുന്ന തരത്തില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കു പ്രത്യേക പദവി ഇല്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ സംഘടനയായ 'പബ്ലിക് ഐ' സമര്‍പ്പിച്ച ഹര്‍ജി കോടതി പിന്നീടു പരിഗണിക്കും. പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും റെയ്ഡ് വിവരം ചോര്‍ത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതിനു 28 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ സിപിഎം ഓഫിസിലുണ്ടെന്നു കരുതി ജനുവരി 24നു ചൈത്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റെയ്ഡ് ചെയ്‌തെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നതിനാല്‍ അറസ്റ്റ് നടന്നില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. 

ഉദ്യോഗസ്ഥയുടെ നടപടിയില്‍ തെറ്റില്ലെന്ന് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിട്ടും മുഖ്യമന്ത്രിയും സിപിഎമ്മും വേട്ടയാടുകയാണ്. പാര്‍ട്ടി ഓഫീസില്‍ പൊലീസ് കയറരുതെന്ന പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അതൃപ്തി ഭയന്ന് ഐപിഎസ് ഓഫിസര്‍മാരുടെ സംഘടനയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചൈത്രയെ സംരക്ഷിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു

അതേസമയം ഓഫീസ് റെയ്ഡില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ചൈത്ര തെരേസ ജോണിനെതിരെ സിപിഎം കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈത്രയ്‌ക്കെതിരെ കടുത്ത നടപടി വേണമെന്ന കടുത്ത നിലപാടിലാണ് സിപിഎം ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com