പച്ചക്കറി വിലകുറച്ചു നല്‍കി; വനിതകളുടെ കട അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു

സാധനങ്ങള്‍ വിലകുറച്ച് നല്‍കുന്നതിനെച്ചൊല്ലി നടന്ന തര്‍ക്കത്തിന് ഒടുവില്‍ വനിതകളുടെ കട അജ്ഞാതര്‍ തീയിട്ടു. കോഴിക്കോട് കുണ്ടുപറമ്പിലാണ് സംഭവം.
പച്ചക്കറി വിലകുറച്ചു നല്‍കി; വനിതകളുടെ കട അജ്ഞാതര്‍ തീയിട്ടു നശിപ്പിച്ചു

കോഴിക്കോട്:  സാധനങ്ങള്‍ വിലകുറച്ച് നല്‍കുന്നതിനെച്ചൊല്ലി നടന്ന തര്‍ക്കത്തിന് ഒടുവില്‍ വനിതകളുടെ കട അജ്ഞാതര്‍ തീയിട്ടു. കോഴിക്കോട് കുണ്ടുപറമ്പിലാണ് സംഭവം. സാധനങ്ങള്‍ വിലകുറച്ച് നല്‍കുന്നതിനെച്ചൊല്ലി വ്യാപാരികളുമായുള്ള തര്‍ക്കമാണ് അഗ്‌നിബാധയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

രാത്രി പന്ത്രണ്ട് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. ടാര്‍പോളിന്‍ ഷീറ്റ് പാകിയിട്ടുള്ള മേല്‍ക്കൂരയിലേക്ക് തീപടരുകയായിരുന്നു. പച്ചക്കറിയും പഴവര്‍ഗങ്ങളും പണവുമുള്‍പ്പെടെ പൂര്‍ണമായും കത്തിനശിച്ചു. ബോധപൂര്‍വം ആരോ തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. ജൈവപച്ചക്കറിയുള്‍പ്പെടെ വിലകുറച്ച് നല്‍കുന്നതില്‍ ചില വ്യാപാരികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നതായി നടത്തിപ്പുകാര്‍ പറഞ്ഞു.  

ചില കച്ചവടക്കാര്‍ക്ക് ഞങ്ങളോട് വിരോധമുണ്ടായിരുന്നു. കാരണം ഞങ്ങള്‍ സാധനങ്ങള്‍ വിലകുറച്ച് നല്‍കുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. അവരാരെങ്കിലും ആയിരിക്കും ഇതിന് പിന്നില്‍. ഞങ്ങള്‍ ഓരോ ദിവസവും കിട്ടുന്ന സാധനങ്ങള്‍ കൃത്യമായി അന്നന്ന് തന്നെ വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നിരവധിയാളുകള്‍ സാധനം വാങ്ങാന്‍ താല്‍പര്യം കാണിക്കാറുണ്ട്. അതാകും തീയിടാനുള്ള കാരണമെന്നും കടയുടമകള്‍ പറയുന്നു.

വൈദ്യരങ്ങാടി സ്വദേശികളായ സതി, സുഗുണ, സുജാത എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറിക്കട പ്രവര്‍ത്തിച്ചിരുന്നത്. വട്ടിപ്പലിശക്കാരില്‍ നിന്നുള്‍പ്പെടെ പണം കടമെടുത്താണ് കട നടത്തിയിരുന്നത്. ഒരു ലക്ഷത്തിനോടടുത്ത് നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ച് എലത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com