ഫീസായി വാങ്ങുന്നത് അര ലക്ഷം രൂപ; നൽകുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ; വിദ്യാർഥികളെ വഞ്ചിച്ച യുവതി അറസ്റ്റിൽ

വൻ തുക ഈടാക്കി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വിദ്യാർഥികളെ വഞ്ചിച്ച കേസിൽ യുവതി അറസ്റ്റിൽ
ഫീസായി വാങ്ങുന്നത് അര ലക്ഷം രൂപ; നൽകുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ; വിദ്യാർഥികളെ വഞ്ചിച്ച യുവതി അറസ്റ്റിൽ

കൊച്ചി: വൻ തുക ഈടാക്കി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വിദ്യാർഥികളെ വഞ്ചിച്ച കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടം എൻഎസ്ഇടി മാനേജരായ കണ്ണൂർ കൂത്തുപറമ്പ് നീർവേലിക്കര ക്രസന്റ് മഹലിൽ സയിഷാന ഹുസൈനെയാണ് (28) പാലാരിവട്ടം എസ്ഐ എസ് സനലും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കൽ നിന്ന് വിദ്യാർഥികളുടെ പാസ്പോർട്ടുകൾ അടക്കമുള്ള രേഖകൾ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്.

ഹെൽത്ത് ആൻഡ് സേഫ്റ്റി എൻവയൺമെന്റൽ എൻജിനീയറിങ് കോഴ്സ് പാസായാൽ  വിദേശത്ത് നല്ല ശമ്പളത്തിൽ ജോലി ലഭിക്കുമെന്ന് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഭാരത് സേവക് സമാജിന്റെ അംഗീകാരമുണ്ടെന്നും ചെന്നൈയിലെ സ്വകാര്യ പരിശീലന സ്ഥാപനത്തിന്റെ ശാഖയാണെന്നും വിദ്യാർഥികളെ തെറ്റിദ്ധരിപ്പിച്ചതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരത്തെ സന്നദ്ധ സംഘടനയുടെ പേരും ദുരുപയോഗിച്ചു. പാലാരിവട്ടത്തെ സ്ഥാപനത്തിന്റെ പേര് ഇപ്പോൾ ക്യുഎച്ച്എസ്ഇ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ്. 

സർക്കാർ  സ്ഥാപനങ്ങളിൽ ജോലിക്കു ശ്രമിച്ചപ്പോഴാണു പലർക്കും സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും കബളിപ്പിക്കപ്പെട്ടതായും മനസിലായത്. 10 ദിവസം മുതൽ ഒരു മാസം വരെയുള്ള കോഴ്സുകൾക്ക് 20,000 രൂപ മുതൽ അര ലക്ഷം രൂപ വരെയാണു ഫീസ് ഈടാക്കിയത്. ചെന്നൈയിലേതടക്കമുള്ള സ്ഥാപനങ്ങളുടെ വ്യാജ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുമായിരുന്നു വിദ്യാർഥികൾക്ക് നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com