മെഡിക്കൽ പ്രവേശം; ബാങ്ക് ​ഗ്യാരന്റിയായി മാനേജ്മെന്റുകള്‍ ഫീസ് വാങ്ങരുത്; സ്പോട്ട് അഡ്മിഷനും പാടില്ല; ഹൈക്കോടതി

മെഡിക്കല്‍ സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയില്‍ നിന്ന‌് നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ​ഗ്യാരന്റിയായി മാനേജ്മെന്റുകള്‍ക്ക് വാങ്ങാനാകില്ലെന്ന് ​ഹൈക്കോടതി
മെഡിക്കൽ പ്രവേശം; ബാങ്ക് ​ഗ്യാരന്റിയായി മാനേജ്മെന്റുകള്‍ ഫീസ് വാങ്ങരുത്; സ്പോട്ട് അഡ്മിഷനും പാടില്ല; ഹൈക്കോടതി

കൊച്ചി: മെഡിക്കല്‍ സീറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിയില്‍ നിന്ന‌് നാല് വര്‍ഷത്തെ ഫീസ് ബാങ്ക് ​ഗ്യാരന്റിയായി മാനേജ്മെന്റുകള്‍ക്ക് വാങ്ങാനാകില്ലെന്ന് ​ഹൈക്കോടതി. സ്പോട്ട് അഡ്മിഷൻ നടത്താനും ഇതര സംസ്ഥാനക്കാരായ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനും  കോളജ് ട്രസ്റ്റികളുടെ ആശ്രിതർക്കും ജീവനക്കാർക്കും അഞ്ച് ശതമാനം പ്രിവിലേജ് സീറ്റ‌് നൽകാനും അനുമതി നൽകണമെന്ന ആവശ്യങ്ങളും ഡിവിഷന്‍ ബഞ്ച് തള്ളി. കേരള പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷനും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളജും സമർപ്പിച്ച ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റിസുമാരായ കെ സുരേന്ദ്രമോഹന്‍, വി ഷിര്‍സി എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്.

വിദ്യാർഥികൾ പ്രവേശനം നേടിയശേഷം കോഴ്സ് ഉപേക്ഷിച്ചുപോയാൽ പിന്നീട് പ്രവേശനം നടത്താൻ കഴിയാത്തതിനാൽ കോളേജുകൾക്ക് നഷ്ടമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ ഒരുവർഷത്തെ ഫീസ് മുൻകൂർ വാങ്ങുന്നതിനൊപ്പം നാലുവർഷത്തെ ഫീസ് ബാങ്ക് ഗ്യാരന്റിയായി വാങ്ങാൻ അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ബാങ്ക് ​ഗ്യാരന്റിക്കു വേണ്ടി നിർബന്ധിക്കുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധിക ബാധ്യതയുണ്ടാക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മെഡിക്കൽ സീറ്റിന് ഏറെ ഡിമാൻഡുണ്ട്. വളരെ അപൂർവമായാണ് വിദ്യാർഥികൾ സീറ്റ് ഉപേക്ഷിക്കുന്നത്. ഹർജിക്കാരുടെ ആവശ്യം അനുവദിച്ചാൽ കുട്ടികൾ  മാനേജ്മെന്റിന്റെ കാരുണ്യത്തിന് കാത്തുനിൽക്കേണ്ട സ്ഥിതിയുണ്ടാകും. ബാങ്ക് ഗ്യാരന്റിയായി ലഭിക്കുന്ന പണം മനസ്സാക്ഷിക്കുത്തില്ലാത്ത ചില മാനേജ്മെന്റുകൾ എടുക്കാനും സാധ്യതയുണ്ട്. വൻ തുക നിക്ഷേപിച്ച് ബാങ്ക് ഗ്യാരന്റിയെടുക്കാൻ സാധാരണ രക്ഷിതാക്കൾക്ക് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com