മോഹന്‍ലാലിനെ എവിടെവേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാര്‍; നിലപാട് വ്യക്തമാക്കി ബിജെപി
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd February 2019 03:09 PM |
Last Updated: 02nd February 2019 03:09 PM | A+A A- |

തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാലിലെ എവിടെവേണമെങ്കിലും മത്സരിപ്പിക്കാന്‍ തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. എന്നാല്‍ ഇതുവരെയും മോഹന്‍ലാലുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹമാണ് നിലപാട് വ്യക്തമാക്കേണ്ടത്. ബിജെപി നേതൃത്വത്തിന് മുന്നില്‍ ഇത്തരം ശുപാര്‍ശകള്‍ ഒന്നും വന്നിട്ടില്ലെന്നും രമേശ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെ പറ്റി ഏറ്റവും കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളയാളാണ് മേഹന്‍ലാല്‍. മോദി സര്‍ക്കാരിന്റെ പല പദ്ധതികളേയും അദ്ദേഹം പിന്തുണച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് എന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിന് ഉണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും രമേശ് പറഞ്ഞു.
മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ എംഎല്‍എ ഒ രാജഗോപാല്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനായി പാര്‍ട്ടി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്നും രാജഗോപാല്‍ വ്യക്താക്കിയിരുന്നു.