ആ വീഡിയോ വൈസ് പ്രിന്‍സിപ്പള്‍ ഒരുക്കിയ കെണി;  വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിലെ അധ്യാപകര്‍

1200 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. എല്ലാ രക്ഷിതാക്കളും ഞങ്ങള്‍ക്കൊപ്പമുണ്ട്. അതുതന്നെയാണ് ഞങ്ങളുടെ ബലവും.
ആ വീഡിയോ വൈസ് പ്രിന്‍സിപ്പള്‍ ഒരുക്കിയ കെണി;  വാളകം ബ്രൈറ്റ് പബ്ലിക് സ്‌കൂളിലെ അധ്യാപകര്‍

മൂവാറ്റുപുഴ:  കുട്ടിയുടെ പഠന നിലവാരം അറിയാന്‍ സ്‌കൂളിലെത്തിയ ഒരമ്മയ്ക്ക് അധ്യാപകരില്‍ നിന്ന് നേരിടേണ്ടി വന്ന കടുത്ത അപമാനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രിന്‍സിപ്പലും പ്രധാന അധ്യാപികയും കൂടി രക്ഷിതാക്കളോട് അതിരൂക്ഷമായി രൂക്ഷമായ ഭാഷയില്‍ സംസാരിക്കുന്ന വിഡിയോ ഞെട്ടലോടെയാണ് സാക്ഷര കേരളം കണ്ടത്. മാന്യമായി പെരുമാറാന്‍ പോലും അറിയാത്ത ഈ അധ്യാപകര്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ ചോദിച്ചത്

മുവാറ്റുപുഴ വാളകം െ്രെബറ്റ് പബ്ലിക് സ്‌കൂളിലാണ് അധ്യാപകര്‍ ചേര്‍ന്ന് രക്ഷിതാവിനെ അസഭ്യം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ അധ്യാപകര്‍ക്കെതിരെ കടുത്ത രോഷം ഉയരുന്നതോടെ വിഡിയോ മുന്‍നിര്‍ത്തി സ്‌കൂള്‍ പ്രിന്‍സിപ്പലിനും അധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ബന്ധപ്പെട്ട അധ്യാപകരും രംഗത്തുവന്നു.  ഈ പ്രശ്നങ്ങള്‍ക്കെല്ലാം പുറകില്‍ മാനേജ്‌മെന്റ് അംഗം കൂടിയായ വൈസ് പ്രിന്‍സിപ്പല്‍ രവീന്ദ്രന്‍ പിള്ളയാണെന്നാണ് ഇരുവരും ആരോപിക്കുന്നത്.

'തുടര്‍ച്ചയായി ക്ലാസില്‍ പുസ്തകം കൊണ്ടുവരാത്തത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് കുട്ടിയ്‌ക്കെതിരെ അധ്യാപകര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് രക്ഷിതാക്കളെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. സ്‌കൂളിലെത്തിയ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വന്ന് ഏറെ നേരം സംസാരിച്ചു. തുടക്കം തൊട്ടേ പ്രകോപനപരമായ രീതിയിലാണ് അവര്‍ സംസാരിച്ചത്. എന്നോട് തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഞാന്‍ പഠിപ്പിച്ച കുട്ടിയാണവര്‍. അവര്‍ അത്തരത്തില്‍ സംസാരിച്ചത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഒടുവില്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ് ഞാന്‍ മുറിയില്‍ നിന്നിറങ്ങി പ്രധാനാധ്യാപികയുടെ ക്യാബിനിലേക്ക് പോയി.

അവര്‍ പിന്നീട് വൈസ് പ്രിന്‍സിപ്പലുമായി മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. അതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. ശേഷമാണ് മൊബൈല്‍ ക്യാമറ ഓണാക്കി പ്രധാനാധ്യാപികയുടെ മുറിയിലെത്തിയത്. അവിടെയെത്തിയ ശേഷവും പ്രകോപനപരമായ സംസാരം തുടര്‍ന്നു. സഹികെട്ടപ്പോഴാണ് ഞങ്ങള്‍ പൊട്ടിത്തെറിച്ചത്. അവിടെ മുതലുള്ള വിഡിയോയാണ് അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

വൈസ് പ്രിന്‍സിപ്പല്‍ ഒരുക്കിയ കെണിയാണിതെന്നാണ് ഞങ്ങള്‍ കരുതുന്നത്. അയാള്‍ ഉള്‍പ്പെടെ 14 ഷെയര്‍ ഹോള്‍ഡേഴ്‌സിനെയും കൂട്ടി ഞങ്ങളാണ് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്. ഞങ്ങളെ ഇരുവരെയും പ്രധാനസ്ഥാനത്തു നിന്ന് പുറത്താക്കാന്‍ രവീന്ദ്രപിള്ള പലതരത്തിലും ശ്രമിച്ചിട്ടുണ്ട്. മൂന്ന് മാസങ്ങള്‍ക്കു മുന്‍പ് സ്‌കൂളിലെ ലിഫ്റ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്കെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചിരുന്നു. അന്ന് സ്‌കൂളില്‍ നോട്ടീസ് പതിച്ചും വ്യാജപ്രചാരണങ്ങള്‍ നടത്തിയും ഞങ്ങളെ മാനസികമായി തളര്‍ത്തിയിരുന്നു

അടുത്തിടെ ഫ്രണ്ട് ഓഫീസിലെ ക്ലാര്‍ക്കിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാനേജ്‌മെന്റ് ഒരാഴ്ച ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിന്റെ വൈരാഗ്യം കൂടി അയാള്‍ക്ക് ഞങ്ങളോടുണ്ട്. 1200 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. എല്ലാ രക്ഷിതാക്കളും ഞങ്ങള്‍ക്കൊപ്പമുണ്ട്. അതുതന്നെയാണ് ഞങ്ങളുടെ ബലവും.' പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് ഐസക് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com