നൂറുശതമാനം യുവാക്കള്‍ക്കൊപ്പം; യൂത്ത് കോണ്‍ഗ്രസ് ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍, എല്ലാ എംപിമാരും മാറണമോയെന്ന് പാര്‍ട്ടി തീരുമാനിക്കും

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തിന് പിന്തുണയുമായി ശശി തരൂര്‍ എംപി.
നൂറുശതമാനം യുവാക്കള്‍ക്കൊപ്പം; യൂത്ത് കോണ്‍ഗ്രസ് ആവശ്യത്തെ പിന്തുണച്ച് ശശി തരൂര്‍, എല്ലാ എംപിമാരും മാറണമോയെന്ന് പാര്‍ട്ടി തീരുമാനിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യത്തിന് പിന്തുണയുമായി ശശി തരൂര്‍ എംപി. നൂറ് ശതമാനവും അവര്‍ക്കൊപ്പമാണ്. അവരാണ് നമ്മുടെ ഭാവി. ഈ രാജ്യം നോക്കൂ, 65 ശതമാനം പേരും 35 വയസ്സില്‍ താഴെയുള്ളവരാണ്. പക്ഷേ പാര്‍ലമെന്റില്‍ ആകെ രണ്ട് ശതമാനമേ 35 വയസ്സില്‍ താഴെയുള്ളവരുള്ളു- തരൂര്‍ പറഞ്ഞു. 

എല്ലാ സിറ്റിങ് എംപിമാരും മാറണം എന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. എല്ലാവരും മാറിപ്പോയി കഴിഞ്ഞാല്‍ പാര്‍ട്ടിക്കാണ് നഷ്ടം. അക്കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

. വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ചെറുപ്പക്കാരെ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടിരുന്നു.  5 സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കുമായി മാറ്റിവെയ്ക്കണം. ആരെയെങ്കിലും നേതൃത്വം സ്ഥാനാര്‍ത്ഥിയായി കെട്ടിയിറക്കിയാല്‍ അംഗീകരിക്കില്ലെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കേന്ദ്രനേതൃത്വം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കണം. അര്‍ഹിക്കുന്ന സ്ഥാനാര്‍ത്ഥിത്വം ചെറുപ്പക്കാഹര്‍ക്ക് നിഷേധിക്കരുത്. തങ്ങളുടെ നിലപാട് സംസ്ഥാന കേന്ദ്രനേതൃത്വങ്ങളെ അറിയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലും, രാജസ്ഥാനിലും മുതിര്‍ന്ന നേതാക്കളെ മുഖ്യമന്ത്രിമാരായി തെരഞ്ഞെടുത്തപ്പോഴും വരുന്ന നാളുകള്‍ ചെറുപ്പക്കാര്‍ക്ക് ഉളളതായിരിക്കുമെന്ന സന്ദേശം രാഹുല്‍ നല്‍കിയിരുന്നു. പരിചയസമ്പത്തിന്റെ ഒപ്പം യുവത്വം തുളുമ്പുന്നതായിരിക്കും ഭാവി നേതൃത്വമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ സമ്മര്‍ദതന്ത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com