പൊലീസില്‍ കൂട്ട നടപടി ; 12 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി ; 64 പേര്‍ക്ക് സ്ഥലംമാറ്റം ; മാറ്റിയവരില്‍ കൊച്ചി വെടിവെപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥനും

11 എഎസ്പിമാരും 53 ഡിവൈഎസ്പിമാരും അടക്കം 64 പേരെ സ്ഥലംമാറ്റുകയും ചെയ്തു
പൊലീസില്‍ കൂട്ട നടപടി ; 12 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി ; 64 പേര്‍ക്ക് സ്ഥലംമാറ്റം ; മാറ്റിയവരില്‍ കൊച്ചി വെടിവെപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥനും

തിരുവനന്തപുരം: പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈഎസ്പിമാരെ കൂട്ടത്തോടെ തരംതാഴ്ത്തി. ഇവരെ സിഐമാരായാണ് തരംതാഴ്ത്തിയത്. ആദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് തരം താഴ്ത്തുന്നത്. താല്‍ക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ് തരം താഴ്ത്തിയതെന്നാണ് ആഭ്യന്തര വകുപ്പ് നല്‍കുന്ന വിശദീകരണം.

ഇതോടൊപ്പം 11 എഎസ്പിമാരും 53 ഡിവൈഎസ്പിമാരും അടക്കം 64 പേരെ സ്ഥലംമാറ്റുകയും ചെയ്തു. 26 സിഐമാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടിയാണ് നടപടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധപ്പെടുന്ന ഉദ്യോഗസ്ഥരെ അടിയന്തരമായി സ്ഥലം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

ഡിവൈഎസ്പിമാരെ തരംതാഴ്ത്തുന്നത് സംബന്ധിച്ച ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് ഇന്നാണ് മുഖ്യമന്ത്രി അംഗീകാരം നല്‍കിയത്. സ്ഥലംമാറ്റപ്പെട്ടവരില്‍ കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷിച്ചിരുന്ന തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പിപി ഷംസും ഉള്‍പ്പെടുന്നു. ഇദ്ദേഹത്തിന് പകരം കട്ടപ്പന ഡിവൈഎസ്പിക്കാണ് രവി പൂജാര പ്രതിയായ വെടിവെപ്പ് കേസിന്റെ അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com