രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ; ഒളിവു ജീവിതം ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം റസ്റ്റോറന്റ് നടത്തി ; പിടികൂടിയത് അതിസാഹസികമായി

രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍ ; ഒളിവു ജീവിതം ഭാര്യക്കും കുട്ടികള്‍ക്കുമൊപ്പം റസ്റ്റോറന്റ് നടത്തി ; പിടികൂടിയത് അതിസാഹസികമായി

ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയവേയാണ് രവി പൂജാരി പിടിയിലായത്


ന്യൂഡല്‍ഹി : അധാലോക കുറ്റവാളി രവി പൂജാരി പശ്ചിമാഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരില്‍. രവി പൂജാരിയുടെ ഒളിവു വാസത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നതെന്നും കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍, ബുര്‍ക്കിന ഫാസോ എന്നീ രാജ്യങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയവേയാണ് രവി പൂജാരി കഴിഞ്ഞദിവസം പിടിയിലായത്. 

സെനഗല്‍ തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് രവി കുടുങ്ങിയത്. ബുര്‍ക്കിനഫാസോയിലാണ് രവി പൂജാരി കഴിയുന്നതെന്നു നാലു മാസം മുന്‍പാണു കണ്ടെത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയപ്പോള്‍ സെനഗലിലേക്കു കടന്നു. ദാകറില്‍ റസ്‌റ്റോറന്റ് നടത്തിയാണ് ഒളിച്ചുതാമസിക്കാന്‍ സാഹചര്യമുണ്ടാക്കിയത്.

എഴുപതോളം കേസുകളില്‍ പ്രതിയായ രവി പൂജാരിക്കെതിരെ ബംഗളൂരു പൊലീസ് റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കൊച്ചി കടവന്ത്രയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി സലൂണില്‍ ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ത്ത സംഭവത്തില്‍ രവി പൂജാരി മൂന്നാം പ്രതിയാണ്. നടി ലീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രവിയെ പ്രതി ചേര്‍ത്തത്. 

15 വര്‍ഷത്തിലേറെയായി ഒളിവിലായിരുന്ന രവി പൂജാരിയെ ഇന്ത്യയ്ക്ക് കൈമാറാമെന്ന് സെനഗല്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ചു ദിവസത്തിനകം കൊച്ചിയില്‍ ഇയാളെ കൊണ്ടുവരുമെന്നും സൂചനയുണ്ട്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സീനമരിയ പോളിനെ വിളിച്ചത് രവി തന്നെയാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. 

ഉഡുപ്പിയില്‍ ജനിച്ചുവളര്‍ന്ന രവി പൂജാരി, ഛോട്ടാരാജന്റെ സംഘാംഗമായാണ് അധോലോകത്തെത്തുന്നത്. ശ്രീകാന്ത് മാമ എന്നയാളാണു പൂജാരിയെ സംഘത്തിലേക്ക് എത്തിച്ചത്. 1990ല്‍ സഹാറില്‍ ബാലാ സല്‍ട്ടെയെന്ന അധോലോക സംഘാംഗത്തെ വകവരുത്തിയതോടെ ശ്രദ്ധ നേടി. തൊണ്ണൂറുകളില്‍ ദുബായിലേക്കു താവളം മാറ്റി. പിന്നീട് ഓസ്‌ട്രേലിയയിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. 

ഹോട്ടല്‍ ഉടമകളില്‍നിന്നു ഹഫ്ത പിരിവു പതിവാക്കിയ പൂജാരി 2000ല്‍ ഛോട്ടാരാജന്‍ ബാങ്കോക്കില്‍ ആക്രമിക്കപ്പെട്ടതോടെ രാജനെ ഉപേക്ഷിച്ചു. ദാവൂദിന്റെ വിശ്വസ്തനായ ഛോട്ടാ ഷക്കീലുമായി ചേര്‍ന്നു പുതിയ സംഘമുണ്ടാക്കി. സിനിമയുടെ കഥയെച്ചൊല്ലി 2007ല്‍ ചലച്ചിത്ര സംവിധായകന്‍ മഹേഷ് ഭട്ടിനെയും 2009ല്‍ നിര്‍മാതാവ് രവി കപൂറിനെയും ഭീഷണിപ്പെടുത്തിയ പൂജാരി, ഈ വര്‍ഷം ഏപ്രിലില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അശോക് സരോഗിയേയും ഭീഷണിപ്പെടുത്തി. വിദേശത്ത് ഒളിവില്‍ കഴിയുമ്പോഴും കൂട്ടാളികള്‍ മുഖേന മുംബൈ അധോലോകത്ത് ഇപ്പോഴും സജീവമായിരുന്നു രവി പൂജാരിയെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com