സിപിഎം നേതാവിന്റെ പേര് പറഞ്ഞ് പണം തട്ടാൻ ശ്രമം; സ്ത്രീ പീഡന കേസിന് പിന്നാലെ മുൻ എസ്എഫ്ഐ നേതാവിനെതിരെ പണാപഹരണത്തിനും കേസ്

നയരമ്പലം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് ആലുവ സ്വദേശി ധനീഷിനെതിരെ കേസെടുത്തിരിക്കുന്നത്
സിപിഎം നേതാവിന്റെ പേര് പറഞ്ഞ് പണം തട്ടാൻ ശ്രമം; സ്ത്രീ പീഡന കേസിന് പിന്നാലെ മുൻ എസ്എഫ്ഐ നേതാവിനെതിരെ പണാപഹരണത്തിനും കേസ്

കൊച്ചി: സ്ത്രീ പീഡനക്കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവിനെതിരെ പണാപഹരണത്തിനും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. നയരമ്പലം സ്വദേശിയായ വ്യവസായി നൽകിയ പരാതിയിലാണ് ആലുവ സ്വദേശി ധനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. 

നായരമ്പലം സ്വദേശിയായ ഒരു സുഹൃത്ത് വഴിയാണ് വ്യവസായി പണം വാങ്ങി നൽകുന്നതിനായി ധനീഷിനെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു. പാർട്ടി സെക്രട്ടറിയാണെന്നും പാർട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണെന്നും പറഞ്ഞാണ് പ്രതിയെ പരിചയപ്പെടുത്തിയത്. പണം വാങ്ങി നൽകുമ്പോൾ അതിന്റെ പത്ത് ശതമാനം നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടു. അഡ്വാൻസായി പതിനായിരം രൂപയും വാങ്ങി. സംസാരത്തിനിടയിൽ സിപിഎം നേതാവ് ചെയർമാനായ സ്ഥാപനത്തിൽ കരാർ ജോലികൾ ചെയ്യാൻ താത്പര്യമുണ്ടോ എന്ന് വ്യവസായിയോട് തിരക്കി. താത്പര്യം പ്രകടിപ്പിച്ചപ്പോൾ സിപിഎം നേതാവിനെ ഫോണിൽ വിളിച്ച് നേരിട്ട് സംസാരിക്കാൻ അനുവദിച്ചു. സിപിഎം നേതാവിനെ കാണേണ്ടതു പോലെ കാണണമെന്നും പ്രതി ധരിപ്പിച്ചു. 

പിറ്റേന്ന് സിപിഎം നേതാവിനെ സ്ഥാപനത്തിൽ പോയി കണ്ട പരാതിക്കാരൻ താൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വിദശീകരിച്ച് തിരിച്ചു പോന്നു. അതിന് ശേഷം പ്രതി പരാതിക്കാരനെ കാണുകയും സിപിഎം നേതാവിന് വീട് വച്ച വകയിൽ 30 ലക്ഷം കടമുണ്ടെന്ന് ധരിപ്പിച്ചു. 20 ലക്ഷം രൂപ അദ്ദേഹത്തിന് അഡ്വാൻസായി നൽകണമെന്നും കരാർ നൽകിക്കഴിഞ്ഞാൽ ബാക്കി പത്ത് ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടു. 

അതിനുശേഷം പരാതിക്കാരൻ സിപിഎം നേതാവിനെ രണ്ട് തവണ കാണുകയും ജോലിക്കാരുമായി ചെന്ന് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തു. എസ്റ്റിമേറ്റ് പ്രകാരം 33 കോടിയുടെ പ്രവൃത്തിയാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷം വ്യവസായിക്ക് കിട്ടാനുണ്ടായിരുന്ന പണം വാങ്ങി നൽകാൻ പത്ത് ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇതിനായി ബാങ്ക് അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തു. 

എന്നാൽ സംശയം തോന്നിയതിനാൽ പരാതിക്കാരൻ പണം അയച്ചില്ല. ഇതേത്തുടർന്ന് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വാട്സാപ്പ് സന്ദേശം അയച്ചു. അതിനുശേഷം പലകുറി ഭീഷണി ഉണ്ടായെന്നും ഒരിക്കൽ ​ഗുണ്ടയെ വിട്ട് ആക്രമിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയിൽ പറയുന്നു. പണം വാങ്ങി നൽകുന്നതിനുള്ള കമ്മീഷനും സിപിഎം നേതാവിന് നൽകാനുള്ള പണവും ആവശ്യപ്പെട്ട് പ്രതി ഭീഷണിപ്പെടുത്തുകയാണെന്ന് കാട്ടിയാണ് വ്യവസായി പരാതി നൽകിയിരിക്കുന്നത്. 

മറ്റൊരു കേസിൽ പ്രതിയെ പൊലീസ് പിടിച്ചതായി അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നതെന്നും പറയുന്നുണ്ട്. ധനീഷിനെതിരെ പണാപഹരണത്തിന് കേസെടുത്തതായി അസി. പൊലീസ് കമ്മീഷണർ കെ ലാൽജി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com