എന്‍ഡോസള്‍ഫാന്‍ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു ; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ ; വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു
എന്‍ഡോസള്‍ഫാന്‍ സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു ; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍ ; വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി


തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. സമരക്കാരുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ സംസാരിച്ചു. ആരോഗ്യ വകുപ്പ് പ്രതിനിധികളും സമരക്കാരുമായി ചര്‍ച്ച നടത്തി. ആവശ്യമെങ്കില്‍ മുഖമന്ത്രി പിണറായി വിജയന്‍ നേരിട്ട് സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ജയരാജന്‍ അറിയിച്ചിട്ടുണ്ട്.  

സമരം നിര്‍ത്തിവെക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. സമരക്കാരുമായി ഉച്ചകഴിഞ്ഞും മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സമരസമിതിയുടെ നിലപാട്. ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. 

സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി.  

കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. 9 കുട്ടികളടക്കം 30 പേരടങ്ങുന്ന സംഘമാണ് സമരമിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തക ദയാബായി മാത്രമാണ് ഇപ്പോള്‍ പട്ടിണി സമരമിരിക്കുന്നത്. 

ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരുമെന്നാണ് സമരസമിതി അറിയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com