തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയെ തട്ടിക്കൊട്ടുപോയി; മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു; രണ്ട് പേര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2019 08:09 AM |
Last Updated: 04th February 2019 08:09 AM | A+A A- |
തിരുവനന്തപുരം; മകനെ സ്‌കൂളിലാക്കി മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശയാക്കി വഴിയില്‍ ഉപേക്ഷിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിനിയാണ് പട്ടാപ്പകല്‍ അക്രമത്തിന് ഇരയായത്. വീട്ടിലേക്ക് പോരുകയായിരുന്ന യുവതിയെ കാറിലെത്തിയ യുവാക്കള്‍ തട്ടിക്കൊട്ടുപോയി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാട്ടാക്കട പൂഞ്ഞാംകോട് പെരുംകുളം സ്വദേശി രമേഷ്‌കുമാര്‍ (34), കാട്ടാക്കട പൂച്ചടിവിളയില്‍ ഷാന്‍ മന്‍സിലില്‍ ഷാനു (22) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ ശ്രീകാര്യത്താണ് സംഭവമുണ്ടായത്. കല്ലംപള്ളി ജഗ്ഷനു സമീപം കാറിലെത്തിയ ഇവര്‍ യുവതിയെ പിടിച്ച് കയറ്റി കവടിയാര്‍ ഭാഗത്തേക്ക് ഓടിച്ചു പോയി. യുവതി നിലവിളിച്ചപ്പോള്‍ ജാക്കി ലിവര്‍ ഉപയോഗിച്ച് മര്‍ദിച്ചു. ഒരു മണിക്കൂറിനു ശേഷം ശ്രീകാര്യം ഇളംകുളം ഭാഗത്ത് യുവതിയെ തള്ളിയിട്ടശേഷം പൊലീസില്‍ പരാതിപ്പെട്ടാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രക്ഷപ്പെട്ടു.
നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ പൊലീസ് സഹായത്തോടെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ശ്രീകാര്യം പൊലീസ് പ്രതികളെ കാട്ടാക്കടയില്‍ നിന്നു അറസ്റ്റുചെയ്തു. ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയ്ക്ക് പ്രതികളെ മുന്‍പരിചയമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് രമേഷ്.