ഭര്‍തൃവീട്ടില്‍ പ്രവേശനം വേണം : കനകദുര്‍ഗയുടെ ഹര്‍ജിയില്‍ വിധി നാളെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2019 01:18 PM |
Last Updated: 04th February 2019 01:18 PM | A+A A- |
മലപ്പുറം : ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ നല്‍കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി പ്രസ്താവിക്കുക.ഗാര്‍ഹിക പീഡന നിയമപ്രകാരമാണ് കനകദുര്‍ഗ പരാതി നല്‍കിയത്.
ശബരിമല ദര്‍ശനത്തിന് ശേഷം സംഘപരിവാര്‍ പ്രതിഷേധം ഭയന്ന് ഒളിവില്‍ താമസിച്ചിരുന്ന കനകദുര്‍ഗ പിന്നീട് ഭര്‍തൃവീട്ടിലെത്തിയപ്പോള്‍, ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍തൃമാതാവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ കനകദുര്‍ഗ മര്‍ദിച്ചു എന്നാരോപിച്ച് സുമതിയും പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലും പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനകദുര്‍ഗ വനിതാ ഷെല്‍ട്ടറിലാണ് താമസിക്കുന്നത്. ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.