'ഞാനറിയുന്ന മോഹന്‍ലാല്‍ മല്‍സരിക്കില്ല' : മേജര്‍ രവി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2019 02:21 PM |
Last Updated: 04th February 2019 02:21 PM | A+A A- |
തിരുവനന്തപുരം : നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ രാഷ്ട്രീയ രംഗത്ത് സജീവമായി പ്രചരിക്കുകയാണ്. ഇതിനിടെ മോഹന്‍ലാല്‍ മല്‍സരിക്കില്ലെന്ന് സംവിധായകന്‍ മേജര്‍ രവി പറഞ്ഞു. 'ഞാനറിയുന്ന മോഹന്‍ലാല്‍ മല്‍സരിക്കില്ല. കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ്. കഴിഞ്ഞ ദിവസം ഇക്കാര്യം മോഹന്‍ലാലുമായി ഫോണില്‍ സംസാരിച്ചിരുന്നു'.
'മല്‍സരിക്കുമെന്ന അഭ്യൂഹങ്ങളെപ്പറ്റി ചോദിച്ചപ്പോള്‍ ചിരിച്ചുതള്ളുകയാണ് മോഹന്‍ലാല്‍ ചെയ്തത്. അവര്‍ എന്തെങ്കിലുമൊക്കെ പറയട്ടെ എന്നാണ് ലാല്‍ പറഞ്ഞത്. അഭിനയമാണ് മോഹന്‍ലാലിന് ഏറ്റവും ചേരുക. ഇങ്ങനെയൊരു നടനെ ഇനി കിട്ടില്ലെന്നും' മേജര്‍ രവി പറഞ്ഞു.
'തമിഴ്‌നാട്ടില്‍ എംജിആര്‍ മല്‍സരിച്ചതുപോലുള്ള സാഹചര്യമല്ല കേരളത്തിലുള്ളത്. മോഹന്‍ലാല്‍ സിനിമയില്‍ തുടരുകയാണ് വേണ്ടത്. രാഷ്ട്രീയത്തില്‍ വേറെ നേതാക്കളെ കിട്ടും എന്നാല്‍ സിനിമയില്‍ ഇങ്ങനെയൊരു നടനെ കിട്ടാന്‍ ബുദ്ധിമുട്ടാണ്'.
തിരുവനന്തപുരത്ത് സുരേഷ് ഗോപി മല്‍സരിക്കുന്നത് നല്ലതായിരിക്കുമെന്നും മേജര്‍ രവി പറഞ്ഞു. ചില വിഷയങ്ങളില്‍ സുരേഷ് ഗോപി ശക്തമായ നിലപാടെടുത്തിരുന്നു. സിനിമാനടി ഹേമമാലിനി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് എന്ത് ഗുണമുണ്ടായി എന്നും മേജര്‍ രവി ചോദിച്ചു.