വിധി ഇന്ന് അറിയാം; കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th February 2019 08:54 AM |
Last Updated: 04th February 2019 08:54 AM | A+A A- |
കൊച്ചി: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കെഎസ്ആര്‍ടിസിയുടെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരേയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരോട് കെഎസ്ആര്‍ടിസി പ്രതികാര ബുദ്ധിയാണ് കാണിച്ചതെന്നും മിനിമം വേതനം പോലും അനുവദിച്ചിരുന്നില്ലെന്നുമാണ് എംപാനല്‍ ജീവനക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
തുടര്‍ന്ന് കെഎസ്ആര്‍ടിസിയെ വിമര്‍ശിച്ച് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. 480 രൂപ ദിവസവേതനാടിസ്ഥാനത്തില്‍ എംപാനലുകാരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിര്‍ബന്ധിത തൊഴിലെടിപ്പിക്കല്‍ ആണെന്നാണ് കോടതി പറഞ്ഞത്. നേരത്തെ കേസ് പരിഗണിച്ച കോടതി പത്തു വര്‍ഷത്തില്‍ കുറവ് സര്‍വീസ് ഉള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ ഒഴിവിലേക്ക് പിഎസ് സിയില്‍ നിന്നാണ് നിയമനം നടത്തിയത്. 1421 പേര്‍ക്കാണ് ഇതിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ചത്. എന്നാല്‍ നിരവധി പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട നടപടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജസ്റ്റിസുമാരായ വി.ചിദംബരേഷ്,നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിക്കുക.