ഇടുക്കിയിൽ ഡീൻ സ്ഥാനാർത്ഥിയെന്ന് ഡിസിസിയുടെ പേരിൽ പോസ്റ്റ് ; നിയമനടപടിയെന്ന് ഇബ്രാഹിംകുട്ടി കല്ലാർ ; വിവാദം

'മലയോരത്തിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങട്ടെ, യുവജനനായകൻ ഡീൻ കുര്യാക്കോസ് നമ്മുടെ സാരഥി' 
ഇടുക്കിയിൽ ഡീൻ സ്ഥാനാർത്ഥിയെന്ന് ഡിസിസിയുടെ പേരിൽ പോസ്റ്റ് ; നിയമനടപടിയെന്ന് ഇബ്രാഹിംകുട്ടി കല്ലാർ ; വിവാദം

ഇടുക്കി : ഇടുക്കി ലോക്സഭാ സീറ്റിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിനെ നിശ്ചയിച്ചതായി വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്. കോൺ​ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പേരിലായിരുന്നു വ്യാജ പോസ്റ്റ്. ഇടുക്കി സീറ്റിനായി കോൺ​ഗ്രസിനകത്തും, കേരള കോൺ​ഗ്രസും അവകാശ വാദങ്ങളും സമ്മർദ്ദങ്ങളും ഉയരുന്നതിനിടെയായിരുന്നു പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കി സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം. 

'മലയോരത്തിന്റെ ശബ്ദം പാർലമെന്റിൽ മുഴങ്ങട്ടെ, യുവജനനായകൻ ഡീൻ കുര്യാക്കോസ് നമ്മുടെ സാരഥി' എന്ന തലവാചകത്തോടെയായിരുന്നു പോസ്റ്ററുകൾ.  ഇടുക്കി ഡിസിസിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ഡീന്‍ കുര്യാക്കോസിന്റെ ചിത്രം സഹിതം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം സന്ദേശം പോസ്റ്റ് ചെയ്തതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ സംഭവത്തിൽ പ്രതികരണവുമായി എത്തി. 

ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐ ഡി നിർമ്മിച്ച് , പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥിയെ തീരുമാനിച്ചതായി പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടു ഇതുമായി ഡി സി സി ക്ക് യാതൊരു ബന്ധവും ഇല്ല. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കു ഫെയ്സ്ബുക്ക് ഔദ്യോഗിക പേജില്ല.  ഡിസിസിയുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ പൊലീസ് സൈബർ സെല്ലിൽ പരാതി നൽകും.  കോൺഗ്രസിന്റെ ഐടി സെല്ലിലും പരാതിപ്പെടുമെന്നും ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. കല്ലാറിന്റെ പ്രതികരണത്തിന് പിന്നാലെ  സോഷ്യൽ മീഡിയയിൽ നിന്നും വ്യാജപോസ്റ്റ് നീക്കം ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com