ഹാദിയയുടെ മതപരിവര്‍ത്തനം : ഷിരിന്‍ -ഫസല്‍ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തത് വാട്‌സ്ആപ്പു വഴി

യെമനില്‍ മതപഠനത്തിനായി പോയിട്ടുള്ള ദമ്പതികള്‍ സമീപകാലത്തൊന്നും ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്നാണ് സൂചന
ഹാദിയയുടെ മതപരിവര്‍ത്തനം : ഷിരിന്‍ -ഫസല്‍ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തത് വാട്‌സ്ആപ്പു വഴി


ന്യൂഡല്‍ഹി : വൈക്കം സ്വദേശി അഖില അശോകന്‍ ഹാദിയയായി മതംമാറിയ സംഭവത്തില്‍ ഹാദിയയെ മതം മാറാന്‍ പ്രരിപ്പിച്ചു എന്ന് ആരോപിക്കപ്പെടുന്ന ദമ്പതികളായ ഷിരിന്‍ ഷഹാന, ഫസല്‍ മുസ്തഫ എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്തു. വാട്‌സ് ആപ്പ് വഴിയാണ് യെമനിലുള്ള ഇവരെ ചോദ്യം ചെയ്തത്. ഇതാദ്യമായാണ് ചോദ്യം ചെയ്യലിനായി അന്വേഷണ ഏജന്‍സി വാട്‌സ്ആപ്പിനെ ഉപയോഗിക്കുന്നത്. 

യെമനില്‍ മതപഠനത്തിനായി പോയിട്ടുള്ള ദമ്പതികള്‍ സമീപകാലത്തൊന്നും ഇന്ത്യയിലേക്ക് തിരിച്ചുവരില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് വാട്‌സ് ആപ്പ് വഴി ചോദ്യം ചെയ്തത്. എന്‍ഐഎ ഉദ്യോഗസ്ഥര്‍ വാട്‌സ് ആപ്പു വഴി ചോദ്യം അയച്ചുകൊടുക്കുകയായിരുന്നു. ഇതിന് അവര്‍ മറുപടിയും നല്‍കി. മറുപടി തെളിവ് നിയമപ്രകാരം റെക്കോഡ് ചെയ്യുമെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

വൈക്കം സ്വദേശിനിയായ അഖില അശോകന്‍ മുസ്ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും, ഹാദിയ എന്ന പേര് സ്വീകരിച്ച്, ഷഫീന്‍ ജഹാനെ വിവാഹം കഴിക്കുകയും ചെയ്തു. ഇതിനെതിരെ അഖിലയുടെ പിതാവ് അശോകന്‍ 2016 ല്‍ കേരള ഹൈക്കോടതിയെ സമീപിച്ചു. മകളെ ബ്രെയിന്‍വാഷ് ചെയ്ത്, നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്നായിരുന്നു അശോകന്‍ ആരോപിച്ചത്. അതിനാല്‍ വിവാഹം അസാധുവാക്കണമെന്നും, മകളെ തന്നോടൊപ്പം അയക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. 

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിവാഹം അസാധുവാക്കുകയും, ഹാദിയയെ പിതാവിനൊപ്പം അയക്കുകയും ചെയ്തു. ഈ വിധിക്കെതിരെ ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രിംകോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രിംകോടതി ഹാദിയയെ ഷഫിനൊപ്പം പോകാന്‍ അനുവദിച്ചു. ഇതോടൊപ്പം ഹാദിയയുടെ മതപരിവര്‍ത്തനത്തില്‍ ബാഹ്യമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ എന്‍ഐഎ അന്വേഷിക്കാനും ഉത്തരവിടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com