അമിത വേഗതയ്ക്ക് പിടി വീഴുന്നു; സ്വകാര്യബസ്സുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നു

2019 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നു
അമിത വേഗതയ്ക്ക് പിടി വീഴുന്നു; സ്വകാര്യബസ്സുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം: 2019 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നു. ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.  വേഗനിയന്ത്രണത്തിനൊപ്പം യാത്രക്കാരുടെ സുരക്ഷയും ലക്ഷ്യമിട്ടാണ് നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ മലപ്പുറത്ത് പദ്ധതിക്ക് തുടക്കമായിട്ടുണ്ട്.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനമിത്ര മിഷന്‍ ട്രസ്റ്റാണ് ഉപകരണം സ്ഥാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംവിധാനം ഉപയോഗിച്ച് ബസിലെ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ് വഴി ബസ് റൂട്ടും വേഗതയുമെല്ലാം അറിയുന്നതിനും ആര്‍ടിഒ ഓഫീസിലും മറ്റും ബസ് സംബന്ധിച്ച വിവരം ലഭിക്കുന്നതിനു സഹായിക്കും. 

സ്‌റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും  ആളുകള്‍ കയറുന്നതിനുമുമ്പ് വാഹനം എടുക്കുന്നതുമൊക്കെ തടയാന്‍ ജിപിഎസ് സംവിധാനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളുമൊക്കെ  കണ്ടുപിടിക്കാനും ഇതുമൂലം മോട്ടോര്‍വാഹന വകുപ്പിന് കണ്ടെത്താന്‍ കഴിയും.

2019 ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്യുന്ന സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ജി പി എസ് സംവിധാനം നേരത്തെ നിര്‍ബന്ധമാക്കിയിരുന്നു. കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ ഉത്തരവിന്‍രെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങളില്‍ വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് (വി.എല്‍.ടി.) സംവിധാനം ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്.

2018 ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ ഇത് ഘടിപ്പിക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് നേരത്തെ വന്ന  ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയിരുന്നു.

അതേസമയം സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ വാഹനങ്ങളിലും 2018 ഒക്ടോബര്‍ രണ്ടാംവാരം മുതല്‍ ജിപിഎസ് സംവിധാനം നിലവില്‍ വന്നിരുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് വര്‍ദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ബസുകളുടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും.  കുട്ടികള്‍ക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാല്‍ വാഹനത്തിലെ ബസ്സര്‍ അമര്‍ത്തിയാല്‍ അടുത്തുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ഈ ജിപിഎസിലുണ്ട്. 6.41 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വിനിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com