എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ആരെയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല
എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

കോട്ടയം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് രംഗത്തെത്തി. എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്ന്  ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിപിഎമ്മും അണികളും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റരുതെന്ന് കോടിയേരി ബാലകൃഷ്ണന്റെ കാല് പിടിച്ചു പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി കാലുപിടിക്കാനും തയ്യാറാണെന്ന് കോടിയേരിയെയും മുഖ്യമന്ത്രിയെയും അറിയിച്ചു.മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്. 

എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ആരെയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല. ഒരു പാര്‍ട്ടിയുടെയും ആഭ്യന്തരപ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
 

എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ ആര് കേള്‍ക്കുമെന്ന് താമസിയാതെ തെളിയുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മറുപടി ലഭിക്കുമെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവന. ഇതിന് മറുപടിയായാണ് എന്‍എസ്എസ് വിരട്ടാനോ ഭയപ്പെടുത്താനോ ശ്രമിക്കേണ്ടെന്ന പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തിയത്. സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ട. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍എസ്എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് സമയത്ത് എല്ലാ വോട്ടര്‍മാരേയും രാഷ്ട്രീയ പാര്‍ട്ടികള്‍ സമീപിക്കും. എന്‍എസ്എസ് നേതാക്കന്‍മാരും എസ്എന്‍ഡിപി നേതാക്കന്‍മാരും എല്ലാം വോട്ടര്‍മാരാണ്.  ആ നിലയിലാണ് അവരെ ഓരോരുത്തരേയും ഞങ്ങള്‍ കാണാന്‍ ശ്രമിക്കുന്നത്. ഇനിയും നേരിട്ട് പോയി കാണും. അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. സമീപിക്കുമ്പോള്‍ അവരുടെ നിലപാട് എന്താണ് എന്ന് അവര്‍ക്ക് പറയാമെന്നും കോടിയേരി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com