ഒന്നാം നമ്പറിന് മുടക്കിയത് 31 ലക്ഷം രൂപ; കെഎല്‍-01 സികെ 1 ഇനി ഫാന്‍സി നമ്പറുകളിലെ രാജാവ്

ഒരു ലക്ഷം രൂപ ഫീസടക്കം കെഎല്‍ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ കെ എസ് ബാലഗോപാല്‍ മുടക്കിയത് 31 ലക്ഷം രൂപ
ഒന്നാം നമ്പറിന് മുടക്കിയത് 31 ലക്ഷം രൂപ; കെഎല്‍-01 സികെ 1 ഇനി ഫാന്‍സി നമ്പറുകളിലെ രാജാവ്

തിരുവനന്തപുരം: കെഎല്‍-01 സികെ 1 ഇനി ഫാന്‍സി നമ്പറുകളിലെ രാജാവ്. റെക്കോര്‍ഡ് തുകയ്ക്ക് ഈ നമ്പര്‍ ലേലത്തില്‍ പോയതോടെയാണ്
വാര്‍ത്തകളില്‍ നിറഞ്ഞത്. ഒരു ലക്ഷം രൂപ ഫീസടക്കം കെഎല്‍ 01 സികെ 1 എന്ന നമ്പറിന് തിരുവനന്തപുരം സ്വദേശിയും വ്യവസായിയുമായ കെ എസ് ബാലഗോപാല്‍ മുടക്കിയത് 31 ലക്ഷം രൂപ. ഒന്നാം നമ്പറിനുവേണ്ടി നടന്ന വാശിയേറിയ ലേലത്തിനൊടുവിലാണ് ബാലഗോപാല്‍ സികെ 1 സ്വന്തമാക്കിയത്. മൂന്നു പേരായിരുന്നു ലേലത്തിനുണ്ടായിരുന്നത്. 10 ലക്ഷത്തിലും 25 ലക്ഷത്തിലും രണ്ടുപേര്‍ ലേലം അവസാനിപ്പിച്ചപ്പോള്‍ ബലഗോപാല്‍ 30 ലക്ഷത്തിന് നമ്പര്‍ സ്വന്തമാക്കുകയായിരുന്നു.

ഇതോടെ കേരളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമ എന്ന പേര് ബാലഗോപാലിന് സ്വന്തം. തന്റെ പുതിയ പോര്‍ഷെ 718 ബോക്സ്റ്ററിന്
വേണ്ടിയാണ് 31 ലക്ഷം രൂപ മുടക്കി ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. പോര്‍ഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായ 718 ബോക്സ്റ്ററിന്റെ മയാമി ബ്ലൂ എന്ന സ്‌പെഷ്യല്‍ കളറാണ് ബാലഗോപാല്‍ സ്വന്തമാക്കിയത്. 2 ലീറ്റര്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 300 ബിഎച്ച്പി കരുത്തുണ്ട്. പൂജ്യത്തില്‍ നിന്നു 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.9 സെക്കന്റുകള്‍ മാത്രം മതി ഈ കരുത്തന്. ഏകദേശം 1 കോടി രൂപയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

നേരത്തെ കെഎല്‍ 01 സിബി 1 എന്ന നമ്പര്‍ ബാലഗോപാല്‍ 18 ലക്ഷം രൂപയ്ക്കായിരുന്നു സ്വന്തമാക്കിയത്. ലാന്‍ഡ് ക്രൂസറിനായിരുന്നു അന്ന് റെക്കോര്‍ഡ് തുകയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. കേരളത്തിലെ ആ റെക്കോര്‍ഡ് തന്നെയാണ് ഇപ്പോള്‍ പോര്‍ഷെയ്ക്ക് വേണ്ടി ബാലഗോപാല്‍ തന്നെ തകര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com