ടോള്‍ പിരിവ് 22,000 രൂപ, ഭക്ഷണത്തിന് ചെലവായത് 23,000; കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് ആദ്യ ദിനം ഇങ്ങനെ
By സമകാലിക മലയാളം ഡെസ്ക് | Published: 05th February 2019 09:45 AM |
Last Updated: 05th February 2019 09:53 AM | A+A A- |

കൊച്ചി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കണ്ടെയ്‌നര്‍ റോഡില്‍ ടോള്‍ പിരിവ് ആരംഭിച്ചുവെങ്കിലും ആദ്യ ദിനം വലിയ നേട്ടമുണ്ടായില്ല. പ്രതിദിനം രണ്ട് ലക്ഷത്തിനും മൂന്ന ലക്ഷത്തിനും ഇടയില്‍ ടോള്‍ പിരവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെട്ടത് എങ്കിലും ഞായറാഴ്ച വൈകീട്ട് നാല് മണി വരെയുള്ള ടോള്‍ പിരിവില്‍ ലഭിച്ചത് 22,000 രൂപ മാത്രം. എന്നാല്‍ ടോള്‍ പിരിക്കാനെത്തിയ ജീവനക്കാര്‍ക്കും, സുരക്ഷ ഒരുക്കിയെത്തിയ പൊലീസുകാര്‍ക്കും ഭക്ഷണത്തിനായി ചിലവായത് 23000 രൂപയാണ്.
ടോള്‍ പിരിവിനെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പൊലീസ് സുരക്ഷ ഒരുക്കി നിലയുറപ്പിച്ചത്. പൊലീസിനൊപ്പം ദേശീയ പാത അതോറിറ്റിയുടേയും, ജില്ലാ ഭരണകൂടത്തിന്റേയും ഉദ്യോഗസ്ഥരും ടോള്‍ പ്ലാസയില്‍ ആദ്യ ദിനം ഉണ്ടായിരുന്നു. അതോടെ 120ലേറെ പേര്‍ക്ക് ഭക്ഷണ ഇനത്തില്‍ തന്നെ വന്‍ തോതില്‍ പണം ചിലവായി. ഞായറാഴ് ആരംഭിച്ച ടോള്‍ പിരിവ് ഒരു ദിവസം പിന്നിട്ട് തിങ്കളാഴ്ച ആയപ്പോഴേക്കും ലഭിച്ചത് അമ്പതിനായിരത്തിനടുത്ത് രൂപ.
ടോള്‍ പിരിവ് ആരംഭിച്ച ഞായറാഴ്ച അവധി ദിനമായതിനാലാണ് പിരിവ് കുറഞ്ഞതെന്നാണ് വിലയിരുത്തപ്പെടുന്നത്. കണ്ടെയ്‌നര്‍ റോഡിലൂടെ സഞ്ചരിക്കുന്ന പ്രധാന വാഹനമായ കണ്ടെയ്‌നര്‍ ലോറികള്‍ ടോള്‍ പിരിവില്‍ പ്രതിഷേധിച്ച് ഓട്ടം നിര്‍ത്തിയതും, സ്വകാര്യവാഹനങ്ങള്‍ ടോളില്‍ നിന്നും ഒഴിവാക്കിയതും പിരിവ് കുറയാന്‍ കാരണമായി. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്കും, 20 കിലോമീറ്റര്‍ ചുറ്റളവിന് ഉള്ളിലുള്ള വാഹനങ്ങള്‍ക്കും ടോള്‍ നിരക്കില്‍ ഇളവുണ്ട്.