പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : കോണ്‍ഗ്രസ് മുന്‍ നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി

കോണ്‍ഗ്രസ് നേതാവ് 15 വയസ് മുതല്‍ ബലാത്സംഗം ചെയ്ന്നുവെന്ന് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയിരുന്നു
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് : കോണ്‍ഗ്രസ് മുന്‍ നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി


സുല്‍ത്താന്‍ ബത്തേരി : മാനന്തവാടി പീഡനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജ് കീഴടങ്ങി. മാനന്തവാടി സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ്  ഡിവൈഎസ്പിക്ക് മുമ്പാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. വയനാട് ഡിസിസി അംഗവും ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഒ എം ജോര്‍ജ്. 


കോണ്‍ഗ്രസ് നേതാവ് 15 വയസ് മുതല്‍ ബലാത്സംഗം ചെയ്തിരുന്നുവെന്ന് കോടതിയില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കിയിരുന്നു. പതിനഞ്ചാം വയസ് മുതല്‍ ഒന്നര വര്‍ഷത്തോളം ഒ എം ജോര്‍ജ് പിഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈനും പൊലീസിനും മൊഴി നല്‍കിയിരുന്നത്.

ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലും ഇതേ നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു. എതിര്‍ത്തിട്ടും ആരെയെങ്കിലും അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം തുടര്‍ന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്യുകയായിരുന്നു. ജോര്‍ജിനെ പേടിച്ച് വിവരം മാതാപിതാക്കളെ അറിയിച്ചതുമില്ല. ഇവര്‍ അറിഞ്ഞതോടെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, അമ്മ നല്‍കിയ പിന്തുണയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. മൊഴിയുടെ  അടിസ്ഥാനത്തില്‍ ജോര്‍ജിന്റെ വീട്ടിലും പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തും പരിശോധന നടത്തി. പെണ്‍കുട്ടി നിരവധി തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. 

പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തതിന് പിന്നാലെ ജോര്‍ജ് ഒളിവില്‍ പോയിരുന്നു. ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനും, കേസ് ഒത്തുതീര്‍പ്പിനും ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ജോര്‍ജിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com