കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് വനിതാ കമ്മീഷന്റെ കത്ത്
By സമകാലികമലയാളം ഡെസ്‌ക് | Published: 06th February 2019 11:39 PM |
Last Updated: 06th February 2019 11:39 PM | A+A A- |
ഡല്‍ഹി: കോട്ടയം കുറവിലങ്ങാട് മഠത്തില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ വനിത കമ്മീഷന്‍ കത്തയച്ചു. കന്യാസ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കത്തയച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ സാക്ഷികളായ രണ്ട് കന്യാസ്ത്രീകളാണ് ദേശീയ വനിത കമ്മീഷന് പരാതി നല്‍കിയത്.
മിഷണറീസ് ഓഫ് ജീസസിന്റെ സ്ഥലം മാറ്റല്‍ നടപടിക്കെതിരെ കന്യാസ്ത്രീകള്‍ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടാന്‍ പോകുന്ന സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്ന നടപടി തടയണമെന്നും ഇതിനായി മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാക്ഷികളായ കന്യാസ്ത്രീകള്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീക്കും മതിയായ സംരക്ഷണം നല്‍കണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു.