കുട്ടി കാറില്‍ മൂത്രമൊഴിച്ചു; വിദേശ വിനോദ സഞ്ചാരികളെ നടുറോഡില്‍ ഇറക്കി നിര്‍ത്തി ചീത്തവിളിച്ച് ടാക്‌സി ഡ്രൈവര്‍

റോഡില്‍ നിന്ന് വിഷമിക്കുന്ന വിദേശികളെ കണ്ട നാട്ടുകാര്‍ സംഭവം തിരക്കിയപ്പോഴാണ് ഡ്രൈവര്‍ മോശമായി പെരുമാറി എന്ന് മനസിലായത്
കുട്ടി കാറില്‍ മൂത്രമൊഴിച്ചു; വിദേശ വിനോദ സഞ്ചാരികളെ നടുറോഡില്‍ ഇറക്കി നിര്‍ത്തി ചീത്തവിളിച്ച് ടാക്‌സി ഡ്രൈവര്‍

ആലുവ; കൊച്ചുകുട്ടി കാറില്‍ മൂത്രമൊഴിച്ചതിന് വിനോദ സഞ്ചാരികളെ റോഡില്‍ ഇറക്കി നിര്‍ത്തി അസഭ്യ വര്‍ഷം നടത്തി ടാക്‌സി ഡ്രൈവര്‍. കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് പോയ സംഘത്തെയാണ് ഡ്രൈവര്‍ നടുറോഡില്‍ അധിക്ഷേപിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് കാറിനുള്ളില്‍ മൂത്രമൊഴിച്ചു എന്ന് പറഞ്ഞായിരുന്നു ചീത്തവിളി. ആലുവ പമ്പ് കവലയില്‍ രാവിലെയാണ് സംഭവമുണ്ടായത്. 

രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു ചെറിയ കുട്ടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. കുട്ടി മൂത്രമൊഴിച്ചതോടെ ഡ്രൈവര്‍ ഇവരെ പെരുവഴിയില്‍ ഇറക്കിവിട്ടു. റോഡില്‍ നിന്ന് വിഷമിക്കുന്ന വിദേശികളെ കണ്ട നാട്ടുകാര്‍ സംഭവം തിരക്കിയപ്പോഴാണ് ഡ്രൈവര്‍ മോശമായി പെരുമാറി എന്ന് മനസിലായത്. കുട്ടി മൂത്രമൊഴിച്ചിരുന്നെങ്കിലും കാറിന്റെ സീറ്റില്‍ തുള്ളിപോലും വീണിരുന്നില്ല. അതിനാല്‍ യാത്ര തുടരണമെന്ന് ഡ്രൈവറോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഡ്രൈവര്‍ വഴങ്ങിയില്ല. അടുത്തുള്ള കാര്‍ വാഷ് സെന്ററില്‍ പോയി അകം വൃത്തിയാക്കാനുള്ള പണം നല്‍കാമെന്ന് വിദേശികള്‍ പറഞ്ഞെങ്കിലും അതും ഡ്രൈവര്‍ക്കും സ്വീകാര്യമായിരുന്നില്ല. തുടര്‍ന്നും ഇയാള്‍ വിനോദസഞ്ചാരികളോട് തട്ടിക്കയറുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കൊച്ചി സ്വദേശിയാണ് ഡ്രൈവര്‍. 

പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കാതിരുന്നതോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ചുറ്റും കൂടി നിന്നിരുന്ന നാട്ടുകാരില്‍ നിന്ന് ഡ്രൈവറെ രക്ഷിച്ച് സ്റ്റേഷനില്‍ കൊണ്ടുപോയി. എന്നാല്‍ കേരളം കാണാന്‍ എത്തിയ തങ്ങള്‍ക്ക് കേസില്‍ താല്‍പ്പര്യമില്ലെന്ന് വിനോദസഞ്ചാരികള്‍ അറിയിച്ചതോടെ ഇയാളെ പിന്നീട് വിട്ടയച്ചു. പൊലീസ് ഇടപെട്ട് ഏര്‍പ്പാടാക്കിയ കാറിലാണ് വിദേശ സംഘം മൂന്നാറിലേക്ക് യാത്ര തുടര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com