കോടതി ഉത്തരവ് ഭക്തര്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ; വിധി എന്തായാലും അനുസരിക്കുമെന്ന് പദ്മകുമാര്‍

വിശ്വാസികള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ 
കോടതി ഉത്തരവ് ഭക്തര്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പന്തളം കൊട്ടാരം ; വിധി എന്തായാലും അനുസരിക്കുമെന്ന് പദ്മകുമാര്‍

പത്തനംതിട്ട : ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കാനിരിക്കെ,  കേസില്‍ ഭക്തര്‍ക്ക് അനുകൂല വിധിയാകും ഉണ്ടാകുകയെന്ന് പന്തളം കൊട്ടാരം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശ്വാസികള്‍ക്ക് അനുകൂലമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. കേസില്‍ സര്‍ക്കാരിന് പുനര്‍വിചിന്തനം ഉണ്ടാകുന്നുണ്ട്. ശബരിമലയില്‍ കയറിയ യുവതികളുടെ എണ്ണം മാറ്റിപ്പറഞ്ഞത് ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ശബരിമലയില്‍  51 യുവതികള്‍ ദര്‍ശനം നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതിനെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പിശകുകള്‍ തിരുത്തി പട്ടിക 17 ആക്കി ചുരുക്കി. എന്നാല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബരിമലയില്‍ കയറിയത് രണ്ട് യുവതികള്‍ മാത്രമാണെന്നാണ് അറിയിച്ചത്. 

അതേസമയം സുപ്രിംകോടതി വിധി എന്തായാലും അനുസരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ വ്യക്തമാക്കി. കോടതി എന്ത് പറയുന്നുവോ അത് അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യതയുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു.

യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയുടെ മറുപടി ബോര്‍ഡിന് ലഭിച്ചിട്ടില്ല. തന്ത്രിയുടെ വിശദീകരണം ദേവസ്വം കമ്മീഷണറുടെ കൈവശമാണ്. ഈ വിശദീകരണം ബോര്‍ഡ് പരിഗണിക്കും മുമ്പ്, മാധ്യമങ്ങളിലൂടെ ചോര്‍ന്നത് ശരിയല്ല. ഇക്കാര്യം അന്വേഷിക്കുന്നുവെന്നും പദ്മകുമാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com