ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി, വിധി ഇന്നില്ല

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി വിധി പറയാന്‍ മാറ്റി
ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി, വിധി ഇന്നില്ല

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി വിധി പറയാന്‍ മാറ്റി. രാവിലെ പത്തര മുതല്‍ ഉച്ചയ്ക്കു മൂന്നു മണി വരെ വാദം കേട്ട ശേഷമാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഹര്‍ജികള്‍ തീരുമാനത്തിനായി മാറ്റിയത്. വാദം അവതരിപ്പിക്കാന്‍ അവസരം കിട്ടാതിരുന്ന അഭിഭാഷകര്‍ക്ക് എഴുതിനല്‍കാന്‍ ഒരാഴ്ച സമയം നല്‍കി.

യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരെ 56 പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കേണ്ടതുണ്ടോയെന്നാണ് തുറന്ന കോടതിയില്‍ വാദം കേട്ടത്. ഇവയ്ക്കു പുറമേ നാലു റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെ 65 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയ്ക്കു വന്നത്. 

വിധിയില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പ്രതിഷ്ഠയുടെ അവകാശം പരിഗണിക്കാതെയാണ് കോടതി കേസില്‍ വിധി പറഞ്ഞതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം പുനപ്പരിശോധനാ ഹര്‍ജികളെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ പുതിയ വാദങ്ങളൊന്നും ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു. നേരത്തെ യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് കോടതിയില്‍ നിലപാടു മാറ്റി.

എന്‍എസ്എസിനു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരനാണ് വാദം തുടങ്ങിവച്ചത്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്തംബര്‍ 28ലെ വിധിയില്‍ ഗുരുതരമായ പിഴവുണ്ടെന്ന് പരാശരന്‍ പറഞ്ഞു. പ്രധാന വിഷയങ്ങള്‍ കോടതിക്കു മുന്നില്‍ എത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധിയിലെ പിഴവുകള്‍ എന്തൊക്കെയെന്നു ചൂണ്ടിക്കാട്ടാന്‍ ചീഫ് ജസ്റ്റിസ് അഭിഭാഷകനോടു നിര്‍ദേശിച്ചു. വാദങ്ങള്‍ വസ്തുതകളില്‍ ഊന്നാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 

ഭരണഘടനയുടെ 15, 17 അനുച്ഛേദങ്ങളുടെ അടിസ്ഥാനത്തില്‍ ശബരിമല കേസില്‍ വിധി പുറപ്പെടുവിച്ചത് പിഴവാണെന്ന് കെ പരാശരന്‍ വാദിച്ചു. പൊതുസ്ഥലത്തെ തുല്യതയെക്കുറിച്ചു പറയുന്ന  15 (2)ല്‍ മതസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വസ്തുത കോടതി കണക്കിലെടുത്തില്ല. പതിനഞ്ചാം അനുച്ഛേദപ്രകാരം ക്ഷേത്രാചാരത്തെ റദ്ദാക്കിയത് തെറ്റാണ്. മതവിശ്വാസങ്ങളുടെ യുക്തി കോടതികള്‍ പരിശോധിക്കേണ്ടതില്ലെന്ന ബിജോ ഇമ്മാനുവല്‍ കേസിലെ വിധി പരാശരന്‍ ചൂണ്ടിക്കാട്ടി. 

ശബരിമലയില്‍ യുവതികളെ പ്രവേശിക്കാത്തത് തൊട്ടുകൂടായ്മയുടെ പ്രശ്‌നല്ല. തൊട്ടുകൂടായ്മ ഭരണഘടന പ്രകാരം തെറ്റുതന്നെയാണ്. എന്നാല്‍ തൊട്ടുകൂടായ്മ എന്തൊക്കെയെന്ന് കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഇതിന് അതിവ്യാഖ്യാനം നല്‍കുകയാണ് സുപ്രിം കോടതി ചെയ്തതെന്ന് പരാശരന്‍ പറഞ്ഞു. ഒരാളെ മനുഷ്യനായി കണക്കാക്കാത്ത അവസ്ഥയാണ് തൊട്ടുകൂടായ്മ. ഇത്തരമൊരു സാഹചര്യമല്ല ശബരിമലയില്‍ ഉള്ളതെന്ന് കെ പരാശരന്‍ പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ക്കുള്ള നിയന്ത്രണം പ്രതിഷ്ഠയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ വി ഗിരി പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരിയാണ് ശബരിമലയിലെ പ്രതിഷ്ഠയെന്ന് വി ഗിരി ചൂണ്ടിക്കാട്ടി. 

ക്ഷേത്ര ദര്‍ശനത്തിനു പോവുന്ന ഭക്തര്‍ക്ക് ക്ഷേത്രാചാരങ്ങളെ ചോദ്യം ചെയ്യാനാവില്ലെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രതിഷ്ഠയുടെ സ്വഭാവത്തിന് അനുസരിച്ചു മാത്രമേ ആരാധനയ്ക്കുള്ള മൗലിക അവകാശം നിലനില്‍ക്കൂ. പ്രതിഷ്ഠയുടെ പിതൃസ്ഥാനത്തുള്ള തന്ത്രിക്ക് പ്രതിഷ്ഠയുടെ സ്വഭാവം സംരക്ഷിക്കാനുള്ള പ്രത്യേകാവകാശമുണ്ടെന്ന് വി ഗിരി പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കു സുപ്രിം കോടതി ആധാരമാക്കിയ ഭരണഘടനാ ധാര്‍മികതയ്ക്ക് ഭരണഘടനയുടെ പിന്‍ബലമില്ലെന്ന് വി ഗിരി വാദിച്ചു. അത് കോടതി അടുത്തിടെ രൂപപ്പെടുത്തിയ സങ്കല്‍പ്പമാണെന്ന് അദ്ദേഹം പറഞ്ഞു. 

യുവതികള്‍ക്കു പ്രവേശനം വിലക്കിയ ആചാരത്തിന് ജാതിയുമായി ബന്ധമൊന്നുമില്ല. അതുകൊണ്ടുതന്നെ തൊട്ടുകൂടായ്മയുമായി അതിനെ താരതമ്യം ചെയ്യാനാവില്ലെന്ന് വി ഗിരി വാദിച്ചു. ശബരിമല കേസിലെ ഹര്‍ജിക്കാര്‍ ആരും അയ്യപ്പ സ്വാമിയുടെ ഭക്തരാണെന്ന് അവകാശപ്പെട്ടിട്ടില്ലെന്നും വി ഗിരി ചൂണ്ടിക്കാട്ടി. 

അതേസമയം ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധി പുനപ്പരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. വിധി പുനപ്പരിശോധിക്കാന്‍ പര്യാപ്തമായ ഒരു വാദവും ഉന്നയിക്കാന്‍ ഹര്‍ജികള്‍ നല്‍കിയവര്‍ക്കായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചു. 

മൂന്നു കാര്യങ്ങളില്‍ സമവായത്തില്‍ എത്തിയാണ് കോടതി ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചതെന്ന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവില്ലെന്നതാണ് ഒന്നാമത്തേത്. ആരാധനയ്ക്കുള്ള ഒരാളുടെ അവകാശം ലംഘിക്കപ്പെടുമ്പോള്‍ അനുച്ഛേദം 25 പ്രകാരമുള്ള മൗലിക അവകാശം ലംഘിക്കപ്പെടുകയാണ് എന്നതാണ് രണ്ടാമത്തേത്. കേരള ക്ഷേത്ര പ്രവേശന നിയന്ത്രണത്തിലെ 3ബി ചട്ടം നിയമത്തിനു വിരുദ്ധമാണ് എന്നതാണ് മൂന്നാമത്തെ കാര്യമെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. 

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി തൊട്ടുകൂടായ്മയെയും അനുച്ഛേദം 17ന്റെയും അടിസ്ഥാനത്തിലല്ലെന്ന് ജയദീപ് ഗുപ്ത വാദിച്ചു. സ്ത്രീകളെ മാറ്റിനിര്‍ത്തുക എന്നത് ഹിന്ദു മതത്തിന്റെ അനിവാര്യ ആചാരമായി കാണാനാവില്ല. കോടതി അതു കണ്ടെത്തിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ അനിവാര്യമായ ആചാരവും ക്ഷേത്രത്തിലെ അനിവാര്യമായ ആചാരവും തമ്മില്‍ ആശയക്കുഴപ്പമുണ്ടാവരുത്. ഓരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങള്‍ ഉണ്ടാവാം. ഇവ ഓരോന്നും പരിശോധിക്കാന്‍ കോടതിക്കാവില്ല. ഓരോ ക്ഷേത്രവും ഓരോ മതവിഭാഗമാണെന്ന വാദത്തിലേക്കാണ് ഇത് എത്തിച്ചേരുകയെന്ന് ജയദീപ് ഗുപ്ത പറഞ്ഞു.

വിവേചനമില്ലായ്മയും തുല്യതയും ഭരണഘടനയില്‍ ഉടനീളം കാണുന്ന മൂല്യങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വിധിയില്‍ ഉയര്‍ത്തിപ്പിടിച്ചത് ഈ മൂല്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യ സമാധാന അന്തരീക്ഷം തകര്‍ത്തു എന്നത് ഒരു വിധി പുനപ്പരിശോധിക്കുന്നതിനുള്ള കാരണമായി കണക്കാക്കാനാവില്ല. ഭരണഘടന അസാധുവാക്കുന്ന സാഹചര്യം അനുവദിക്കദിക്കാനാവില്ലെന്ന് ജയദീപ് ഗുപ്ത പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍ അനുകൂലിച്ചു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് ആചാരവും ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി വാദിച്ചു. 

നേരത്തെ ശബരിമല കേസിന്റെ വാദത്തിനിടെ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. പുനപ്പരിശോധനാ ഹര്‍ജിയുടെ വാദത്തിനിടെ ബോര്‍ഡ് നിലപാടു മാറ്റിയത് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചൂണ്ടിക്കാട്ടി. നേരത്തെ നിങ്ങള്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടല്ലേ സ്വീകരിച്ചിരുന്നതെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. വിധിയെ മാനിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നതെന്ന് അഭിഭാഷകന്‍ മറുപടി പറഞ്ഞു. 

ശബരിമലയില്‍ യുവതികളെ വിലക്കിക്കൊണ്ടുള്ള ആചാരവുമായി ബന്ധപ്പെട്ട് പ്രമാണ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമൊന്നുമില്ലെന്ന് രാകേഷ് ദ്വിവേദി പറഞ്ഞു. എല്ലാവര്‍ക്കും തുല്യാവകാശം എന്നത് ഭരണഘടന മുന്നോട്ടുവയ്ക്കുന്ത് പ്രധാന പ്രമേയമാണ്. ജീവിതത്തിന്റെ എല്ലാ തുറയിലും സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായി സമൂഹത്തെ പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ജീവശാസ്ത്രപരമായ കാരണങ്ങളുടെ പേരില്‍ സ്ത്രീകളെ ഒരിടത്തുനിന്നും മാറ്റിനിര്‍ത്തരുതെന്ന് ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com