ശബരിമല യുവതി പ്രവേശനം: എല്ലാ ഹര്‍ജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും 

55 പുനപരിശോധനാ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും ഒരു സാവകാശ ഹര്‍ജിയുമാണ് പരിഗണിക്കുന്നത്
ശബരിമല യുവതി പ്രവേശനം: എല്ലാ ഹര്‍ജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും 

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പുനപരിശോധനാ ഹര്‍ജികള്‍ക്ക് പുറമെ പുതിയ റിട്ട് ഹര്‍ജികളും പരിഗണിക്കും.  ആകെ അറുപത്തിനാല് ഹര്‍ജികളാണ് ഉള്ളത്. 55 പുനപരിശോധനാ ഹര്‍ജികളും 4 റിട്ട് ഹര്‍ജികളും രണ്ട് ട്രാന്‍സ്ഫര്‍ ഹര്‍ജികളും ഒരു സാവകാശ ഹര്‍ജിയുമാണ് പരിഗണിക്കുന്നത്.

റിട്ട് ഹർജികളും ഹൈക്കോടതിയിൽനിന്ന് കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാനസർക്കാരിന്റെ അപേക്ഷയുമാണ് പുനഃപരിശോധനാ ഹർജികൾക്കൊപ്പം കേൾക്കുന്നത്. കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കില്ല.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.  ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായിരുന്നതിനാൽ കഴിഞ്ഞ 22ന് ഹർജികൾ പരിഗണിക്കാനായില്ല.

ജനുവരി രണ്ടാം തിയതി ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു, കനകദുർഗ എന്നിവരും രേഷ്മാ നിഷാന്ത്, ഷനിലാ സതീഷ് എന്നിവരും പുനഃപരിശോധനാ ഹർജികളെ എതിർത്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയെ അനുകൂലിച്ച് കക്ഷിചേരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് ഷൈലജാ വിജയൻ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എസ്. ജയാ രാജ്കുമാർ, അഖില ഭാരതീയ മലയാളീ സംഘ്, ചെന്നൈ സ്വദേശി ജി. വിജയകുമാർ എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്. തന്ത്രിക്കും മറ്റുമെതിരെ രണ്ട് കോടതിയലക്ഷ്യ ഹർജികളുമുണ്ട്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com