ശശികുമാര വര്‍മ്മയും മോഹന്‍ലാലും; പത്തുമണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രര്‍; സാധ്യത പട്ടികയുമായി ആര്‍എസ്എസ്

സ്വകാര്യ ഏജന്‍സികള്‍ വഴി നടത്തിയ സര്‍വെ പ്രകാരമാണ് പൊതുസ്വതന്ത്രരെ നിര്‍ത്താനുള്ള ആര്‍എസ്എസ് നീക്കം 
ശശികുമാര വര്‍മ്മയും മോഹന്‍ലാലും; പത്തുമണ്ഡലങ്ങളില്‍ പൊതു സ്വതന്ത്രര്‍; സാധ്യത പട്ടികയുമായി ആര്‍എസ്എസ്


തിരുവനന്തപുരം:  ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്ത് മണ്ഡലങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്താന്‍ ആര്‍എസ്എസ് ആലോചിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി രാംലാല്‍ ബിജെപി നേതൃത്വത്തിന് കൈമാറി. തിരുവനന്തപുരം മണ്ഡലത്തില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ഏഴ് പേരുടെ സാധ്യത പട്ടികയാണ് കൈമാറിയത്. പട്ടികയില്‍ സുരേഷ് ഗോപിയുടെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ ഉള്‍പ്പെടുന്നു. 

ബിജെപി നേതാക്കളെ പൂര്‍ണമായി മാറ്റി നിര്‍ത്തി 20 മണ്ഡലങ്ങളുടെയും ചുമതല ആര്‍എസ്എസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പത്തോളം മണ്ഡലങ്ങളില്‍ സ്വതന്ത്രരെ പരിഗണിക്കാനുള്ള നീക്കം. ഇതിന്റെ ഭാഗമായി മണ്ഡലങ്ങളുടെ മനസ്സ് അറിയാന്‍ സ്വകാര്യ ഏജന്‍സികള്‍ വഴി ആര്‍എസ്എസ് സര്‍വെ നടത്തിയിരുന്നു. ഈ സര്‍വെയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ടയില്‍ പൊതു സ്വതന്ത്രനായി ശശികുമാര വര്‍മ്മയുള്‍പ്പടെയുള്ളവരുടെ ലിസ്റ്റ് ബിജെപി നേതൃത്വത്തിന് കൈമാറിയത്. സ്ഥാനാര്‍ത്ഥികളുടെ സാധ്യതയും ന്യൂനതകളും സര്‍വെയില്‍ തേടിയിരുന്നു. 

കൂടുതല്‍ പൊതുസ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ വോട്ടുകള്‍ ലഭിക്കാനും കഴിയുമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള പ്രമുഖനേതാക്കളെ മണ്ഡലങ്ങളിലെത്തിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com