യുവതീപ്രവേശനത്തില്‍ അതൃപ്തി പരസ്യമാക്കി പദ്മകുമാര്‍ ; ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2019 01:26 PM |
Last Updated: 07th February 2019 02:18 PM | A+A A- |
പത്തനംതിട്ട : ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതിയിലെ നിലപാട് മാറ്റത്തില്‍ അതൃപ്തി പരസ്യമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. സുപ്രിംകോടതിയില്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. അതിനെക്കുറിച്ച് ദേവസ്വം കമ്മീഷണര്‍ വാസുവിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതിന് ശേഷം ബോര്‍ഡ് നിലപാട് അറിയിക്കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.
കോടതിയില്‍ നടന്നത് എന്താണെന്ന് വ്യക്തതയില്ല. സുപ്രിംകോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിക്കാന്‍ ആയിരുന്നില്ല ബോര്‍ഡ് തീരുമാനം. വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ബോര്‍ഡിന് സാവകാശം വേണം എന്നിവയായിരുന്നു സാവകാശ ഹര്‍ജിയിലൂടെ ബോര്‍ഡ് ഉന്നയിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രത്യേക സാഹചര്യമുണ്ട്. അതിനാല്‍ വിധി നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് ബോര്‍ഡ് അറിയിച്ചത്. ബോര്‍ഡ് അന്ന് കൊടുത്ത അഫിഡവിറ്റ് അതേപടി നിലനില്‍ക്കുകയാണ്.
കോടതി ചോദിച്ചത് സെപ്തംബര്‍ 28 ന്റെ വിധി അംഗീകരിക്കുന്നുണ്ടോ എന്നാണ്. അംഗീകരിക്കുന്നു എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. മൂന്നു മിനുട്ട് മാത്രമാണ് ബോര്‍ഡിന്റെ അഭിഭാഷകന് വാദിക്കാന്‍ സമയം ലഭിച്ചത്. മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്. കോടതിയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് കമ്മീഷണറോടും ബോര്‍ഡിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലിനോടും വിശദീകരണം തേടിയിരിക്കുകയാണെന്നും പദ്മകുമാര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ആക്ഷേപത്തിന്റെയോ, പ്രതിസന്ധിയുടെയോ പ്രശ്‌നമില്ല. പ്രതിസന്ധി ഉണ്ടാകാനും ആഗ്രഹിക്കുന്നില്ല. ദേവസ്വം ബോര്‍ഡ് ഒരു ഇന്‍ഡിപെന്‍ഡന്റ് ബോഡിയാണ്. ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ആചാരാനുഷ്ഠാനങ്ങളെ കാണാന്‍ കഴിയണം. അതോടൊപ്പം ഭരണഘടന മുന്‍നിര്‍ത്തി കാണാനും കഴിയണം. ഇതു രണ്ടും മുന്‍നിര്‍ത്തി മാത്രമേ ബോര്‍ഡിന് മുന്നോട്ടുപോകാനാകൂ.
ബോര്‍ഡിന്റെ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ രാവിലെ കമ്മീഷണറും സ്റ്റാന്‍ഡിംഗ് കോണ്‍സലുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം പറയാനാകൂ എന്നും പദ്മകുമാര്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി രണ്ട് വര്‍ഷം എന്നത് തന്നെ അധികമാണെന്നാണ് തന്റെ അഭിപ്രായം. ദേവസ്വം കമ്മീഷണറുടെ കാലാവധി ജനുവരി 31 ന് അവസാനിച്ചതാണ്. പുതിയ നിയമം അനുസരിച്ച്, ഇക്കാര്യം ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചു.
കമ്മീഷണര്‍ പദവി പ്രമോഷന്‍ തസ്തിക ആക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാരും നിയമസഭയും അംഗീകരിച്ചു. നിയമബിരുദധാരികളായ ഡെപ്യൂട്ടി കമ്മീഷണര്‍മാരില്ലെങ്കില്‍, അഡീഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഒരാളെയോ നിയമിക്കണമെന്നാണ് നിയമത്തില്‍ പറഞ്ഞിട്ടുള്ളത്. അത്തരത്തില്‍ ഒരാള്‍ ഇപ്പോഴില്ല. അതിന്റെ നിയമനടപടികള്‍ നീക്കുമ്പോഴാണ്, ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മീഷണര്‍ നിയമനം കോടതിയുടെ പരിഗണനയിലാണ്. ദേവസ്വം കമ്മീഷണര്‍ ആജീവനാന്തകാലം ദേവസ്വം കമ്മീഷണറല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആജീവനാന്തകാലം പ്രസിഡന്റുമല്ല. അങ്ങനെ ആയിരിക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും എ പദ്മകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും തന്നെ മാറ്റുന്നു എന്ന വാര്‍ത്തകള്‍ നേരത്തെയും വന്നിട്ടുണ്ട്. തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടിയിട്ട് കാര്യമില്ലെന്നും പദ്മകുമാര്‍ അഭിപ്രായപ്പെട്ടു.