പി സി ജോര്‍ജ് പറഞ്ഞത് നുണയല്ല ; രവി പൂജാരി വിളിച്ചിരുന്നു എന്നതിന് തെളിവ്

ജനുവരി 11, 12 തീയതികളിലാണ് രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചത്. ഇന്റര്‍നെറ്റ് കോള്‍ വന്നത് സെനഗലില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്
പി സി ജോര്‍ജ് പറഞ്ഞത് നുണയല്ല ; രവി പൂജാരി വിളിച്ചിരുന്നു എന്നതിന് തെളിവ്

കൊച്ചി : കൊച്ചി ബ്യൂട്ടി പാര്‍ലര്‍ കേസിലെ മുഖ്യപ്രതിയും അധോലാക നായകനുമായ രവി പൂജാരി പി സി ജോര്‍ജ് എംഎല്‍എയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചു. ജനുവരി 11, 12 തീയതികളിലാണ് രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചത്. ഇന്റര്‍നെറ്റ് കോള്‍ വന്നത് സെനഗലില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. 

ഇന്റലിജന്‍സ് ബ്യൂറോ അടക്കം രഹസ്യാന്വേണ ഏജന്‍സികള്‍ ശേഖരിച്ച രവി പൂജാരിയുടെ ഫോണ്‍ കോളുകളില്‍ പിസി ജോര്‍ജിന്റെ നമ്പറും കണ്ടെത്തിയത്. ആറു തവണയാണ് രവി പൂജാരി പിസി ജോര്‍ജിനെ വിളിച്ചത്. ഇതില്‍ രണ്ടു തവണ ജോര്‍ജ് ഫോണ്‍ എടുത്തു. 

രവിപൂജാരി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ജോര്‍ജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ആക്ഷേപത്തിന് വഴിവെച്ചിരുന്നു. ഒരു ഗുണ്ടയാണ് വിളിക്കുന്നതെന്നായിരുന്നു ആദ്യം ധരിച്ചത്. തനിക്ക് ഭയമില്ലെന്നും, രവി പൂജാരി ഇപ്പോള്‍ വന്നാല്‍ നേരിടാന്‍ തയ്യാറാണെന്നും ജോര്‍ജ് പറഞ്ഞു. പൊലീസ് തന്റെ അടുത്തെത്തി വിവിരം ശേഖരിച്ചിരുന്നതായും പിസി ജോര്‍ജ്ജ് വ്യക്തമാക്കി. 

അതിനിടെ കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ സംഭവത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചു. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രണ്ട് നമ്പറുകളില്‍ നിന്നുമാണ് കോളുകള്‍ പോയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

നടി ലീനാ പോളിന്റെ നെയില്‍ ആര്‍ട്ടിസ്ട്രി സ്ഥിതിചെയ്യുന്ന ടവര്‍ ലൊക്കേഷനില്‍ പ്രതികളുടേതെന്ന് കരുതുന്ന മൊബൈല്‍ നമ്പറില്‍ നിന്ന് വെടിവെയ്പ്പിന് ശേഷം മുംബൈയിലേക്ക് ഫോണ്‍വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു.  പ്രതികള്‍ മുംബൈ ബന്ധമുള്ളവരാണെന്നാണ് പൊലീസ് അനുമാനം.

കഴിഞ്ഞ ഡിസംബര്‍ 15 നായിരുന്നു ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് നടന്നത്. എന്നാല്‍ അതിന് ശേഷവും ഫോണ്‍വഴി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിച്ചതായി വ്യക്തമാക്കി രവി പൂജാരിക്കെതിരേ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതായും വ്യക്തമായിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com