പ്രതിഷേധം ഫലം കണ്ടു, സരസ്വതി പൂജയ്ക്ക് അനുമതി നല്‍കി കൊച്ചി സര്‍വകലാശാല
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th February 2019 10:02 AM |
Last Updated: 08th February 2019 10:02 AM | A+A A- |
ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊച്ചി സര്‍വകലാശാലയുടെ കുട്ടനാട്ട് ക്യാമ്പസില്‍ സരസ്വതി പൂജ നടത്തുന്നതിന് അനുമതി. സരസ്വതി പൂജ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷ നേരത്തെ കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിരസിച്ചിരുന്നു. കോളേജ് ക്യാമ്പസില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും ഇത് ഒരു മതനിരപേക്ഷ ക്യാമ്പസാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് സരസ്വതി പൂജ നടത്താന്‍ വൈസ് ചാന്‍സലര്‍ അനുമതി നല്‍കിയത്.
ബീഹാറില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പൂജയ്ക്ക് വി.സിയോട് അനുമതി ചോദിച്ചത്. ജനുവരി ഒന്‍പത് മുതല്‍ 11 വരെ പൂജ നടത്താനാണ് വിദ്യാര്‍ത്ഥികള്‍ അനുമതി തേടിയത്. ആദ്യം വിസി അനുമതി നിഷേധിക്കുകയും സരസ്വതി പൂജ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയുള്ള സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. ഇത് ഒരു മതനിരപേക്ഷ ക്യാമ്പസാണെന്ന് ഫ്രെബുവരി ഒന്നിന് പുറത്തിറങ്ങിയ നോട്ടീസില്‍ ചാന്‍സലര്‍ വ്യക്തമാക്കി.