കോൺഗ്രസുകാർ ചർച്ച നടത്തി; മത്സരിക്കാനില്ല; ഫുട്ബോളും ജോലിയും സിനിമയും മതിയെന്ന് ഐഎം വിജയൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th February 2019 10:20 AM |
Last Updated: 09th February 2019 10:51 AM | A+A A- |
തൃശ്ശൂർ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള ക്ഷണം നിരസിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ. ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വിജയൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ പലവട്ടം ചർച്ചകൾ നടത്തിയിരുന്നെങ്കിലും രാഷ്ട്രീയക്കാരനാകാൻ തനിയ്ക്ക് താത്പര്യമില്ലെന്നും ഐ എം വിജയൻ പറഞ്ഞു.
എല്ലാ രാഷ്ട്രീയ നേതാക്കളുമായി നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളായി അറിയപ്പെടാൻ താത്പര്യമില്ല. ഫുട്ബോളും ജോലിയും പിന്നെ സിനിമയുമായി മുന്നോട്ടു പോകാനാണ് താത്പര്യപ്പെടുന്നതെന്നും ഐഎം വിജയൻ കൂട്ടിച്ചേർത്തു.
സിപിഎമ്മിന് വ്യക്തമായ സ്വാധീനമുളള മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. 2009ല്‍ ഒറ്റപ്പാലം മാറി ആലത്തൂരായ ശേഷം പി കെ ബിജുവാണ് ആലത്തൂർ എം പി. 2009 നേക്കാള്‍ 2014 ല്‍ ബിജു 17000ത്തിലധികം വോട്ടുകൾ കൂടുതൽ നേടുകയും ചെയ്തിരുന്നു.
കെ ആര്‍ നാരായണന് ശേഷം കൈവിട്ട മണ്ഡലം പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിച്ചുപിടിക്കാൻ രാഷ്ട്രീയത്തിനപ്പുറമുളള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തേടുന്നത്. മത്സരിക്കാനില്ലെന്ന നിലപാടിൽ വിജയൻ ഉറച്ചതോടെ ഏതെങ്കിലും സിനിമാ താരത്തെ ഇറക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം.