എം ഗോവിന്ദന്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധനല്ല;  അമേരിക്കന്‍ചാരനെന്നു വിളിച്ചവര്‍ അദ്ദേഹത്തിന്റെ അവസാനകാല കഷ്ടപ്പാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി പത്മനാഭന്‍ 

ഗോവിന്ദന്‍ മാര്‍ക്‌സിസത്തെ ഏറെ ബഹുമാനിച്ചു. സ്റ്റാലിനിസത്തോടായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പ്പ്
എം ഗോവിന്ദന്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധനല്ല;  അമേരിക്കന്‍ചാരനെന്നു വിളിച്ചവര്‍ അദ്ദേഹത്തിന്റെ അവസാനകാല കഷ്ടപ്പാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി പത്മനാഭന്‍ 

കൊച്ചി: എം ഗോവിന്ദന്‍ അമേരിക്കന്‍ ചാരനായിരുന്നുവെന്ന് പറയുന്നവര്‍ അദ്ദേഹം അവസാനകാലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്‍. മാര്‍ക്‌സിസ്റ്റ് വിദ്വേഷിയാണ് എം ഗോവിന്ദനെന്ന വാദങ്ങളോട് യോജിക്കാനാവില്ല. ഉപന്യാസകാരന്‍, കവി, കഥാകൃത്ത് എന്നിവയ്‌ക്കൊപ്പം പുതിയ എഴുത്തുകാരെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്ക് ഉന്നത ദിശാബോധം നല്‍കുകയും ചെയ്ത വലിയ ചിന്തകനാണ് എം ഗോവിന്ദനെന്നും ടി പത്മനാഭന്‍ പറഞ്ഞു. എറണാകുളം മറൈന്‍ െ്രെഡവിലെ കൃതി അന്താരാഷ്ട്ര വിജ്ഞാനോല്‍സവ വേദിയില്‍ എം ഗോവിന്ദന്‍  ഓര്‍മ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അമേരിക്കന്‍ ചാരന്‍, സിഐഎയുടെ പണം വാങ്ങുന്നു എന്നിങ്ങനെയായിരുന്നു എം ഗോവിന്ദനെതിരേ ഉയര്‍ന്ന ആരോപണങ്ങളെന്നും അത് തികച്ചും കള്ളമാണെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും പത്മനാഭന്‍ പറഞ്ഞു. അവസാനകാലത്ത് പരിതാപകരമായ അവസ്ഥയിലെത്തിയ എം ഗോവിന്ദന് സുമനസുകളായ ആളുകളുടെ സഹായത്താല്‍ മാത്രമാണ് ദിവസങ്ങള്‍ മുന്നോട്ടുകെണ്ടുപോവാന്‍ സാധിച്ചത്. അമേരിക്കന്‍ ചാരനെന്ന് ആരോപിക്കുന്നവര്‍ അദ്ദേഹത്തിന്റെ അവസാന കാലത്തെ കഷ്ടതകളെക്കുറച്ച് അന്വേഷിക്കണം. സിഐഎയുടെ പണം ലഭിച്ചിരുന്നുവെന്ന ആരോപണം ശരിയായിരുന്നെങ്കില്‍ അദ്ദേഹം എങ്ങനെ ഇത്തരത്തില്‍ കഷ്ടപ്പെടുമായിരുന്നുവെന്നും ടി പത്മനാഭന്‍ ആരാഞ്ഞു. 

1948ല്‍ തന്റെ 18ാം വയസ്സുമുതല്‍ തന്നെ എം ഗോവിന്ദനെ അറിയാമായിരന്നു. തന്നെപ്പോലെയുള്ള വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്ക് അന്ന് എം ഗോവിന്ദന്‍ പ്രോല്‍സാഹനം നല്‍കി. ചെന്നൈയിലെ അദ്ദേഹത്തിന്റെ മേല്‍വിലാസം ലോക പ്രശസ്തമായിരുന്നു. വിവിധ ലോക രാജ്യങ്ങളിലെ എഴുത്തുകാര്‍ അദ്ദേഹവുമായി സൗഹൃദം പുലര്‍ത്തി. തന്റെ ഗുരുനാഥനാരെന്ന് ചോദിച്ചാല്‍ ആരുമില്ലെന്നാണ് മറുപടിയെങ്കിലും തനിക്ക് വഴികാട്ടികളായ മൂന്നുപേര്‍ എന്‍വി കൃഷ്ണവാര്യര്‍, പിസി കുട്ടികൃഷ്ണന്‍, എം ഗോവിന്ദന്‍ എന്നിവരാണ്. നിരവധി എഴുത്തുകാര്‍ക്ക് വളര്‍ച്ചയിലേക്കുള്ള പാതയൊരുക്കിയ വ്യക്തിത്വമാണ് എം ഗോവിന്ദന്റേത്. ആനന്ദ് അടക്കമുള്ള എഴുത്തുകാരുടെ ഉദാഹരണങ്ങള്‍ ഇത് ശരിവയ്ക്കുന്നു. ആള്‍ക്കൂട്ടം എന്ന തന്റെ ആദ്യ നോവലിന്റെ കയ്യെഴുത്തു പ്രതി ആനന്ദ് നല്‍കിയത് എം ഗോവിന്ദനാണ്. അന്നുതന്നെ അതൊരു ഉദാത്ത സാഹിത്യ കൃതിയാണെന്ന് എം ഗോവിന്ദന്‍ അഭിപ്രായപ്പെടുകയും അത് പ്രസിദ്ധീകരിക്കണമെന്ന് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായും ടി പത്മനാഭന്‍ ഓര്‍ത്തെടുത്തു. വ്യക്തിപരമായി തനിക്ക് ആനന്ദിന്റെ കൃതികളില്‍ ഏറ്റവും മികച്ചതായി തോന്നിയത് ആള്‍ക്കൂട്ടമാണെന്നും അതില്‍ നൈസര്‍ഗികതയുടെ അംശമുണ്ടെന്നും പറഞ്ഞ ടി പത്മനാഭന്‍ ആനന്ദിന്റെ പില്‍ക്കാല കൃതികള്‍ ചില സിദ്ധാന്തങ്ങളെ സ്ഥാപിക്കുന്നതിനായി അവയ്ക്കുചുറ്റും കെട്ടിപ്പൊക്കിയവയാണെന്നും അഭിപ്രായപ്പെട്ടു.
 
ചലച്ചിത്ര രംഗത്തടക്കം എം ഗോവിന്ദന്‍ സംഭാവനകള്‍ നല്‍കി. സ്വയംവരം ചിത്രത്തിന്റെ നിര്‍മാണത്തിലും വിതരണത്തിലും അദ്ദേഹം സഹായം നല്‍കിയിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് വിരുദ്ധനെന്ന ഖ്യാതിയോ അപഖ്യാതിയോ എം ഗോവിന്ദനെക്കുറിച്ച് നിലനില്‍ക്കുന്നുണ്ട്. അത്തരം വാദങ്ങള്‍ തെറ്റാണ്. അദ്ദേഹം മാര്‍ക്‌സിനെ ഏറെ ബഹുമാനിച്ചിരുന്നു. എന്നാല്‍ സ്റ്റാലിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. സ്റ്റാലിനെ അങ്ങേയറ്റം വിമര്‍ശിക്കുകയും ചെയ്തിരുന്നു. സ്വന്തം നാട്ടില്‍ സ്റ്റാലിന്‍ തിരസ്‌കരിക്കപ്പെട്ടതോടെ എം ഗോവിന്ദന്റെ നിലപാട് ശരിയാണെന്ന് തെളിയുകയുണ്ടായെന്നും ടി പത്മനാഭന്‍ വിലയിരുത്തി. 1986ല്‍ എം ഗോവിന്ദന്റെ ഉപന്യാസങ്ങളുടെ സമാഹാരം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കിയിരുന്നു. ഈ ഗ്രന്ഥത്തില്‍ മാര്‍ക്‌സിനെ അനുകൂലിച്ചുകൊണ്ടുള്ള ഒന്നിലധികം ഉപന്യാസങ്ങളുണ്ട്. മാര്‍ക്‌സിസ്റ്റ് വിരുദ്ധനെന്ന് എം ഗോവിന്ദനെ വിലയിരുത്തുന്ന സാഹചര്യത്തില്‍ ഈ ഗ്രന്ഥം പുനപ്രസിദ്ധീകരിക്കാന്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com