കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ല, പ്രാദേശിക അടവു നയം ഉണ്ടാവുമെന്ന് കോടിയേരി

ഒരു സംസ്ഥാനത്തും സിപിഎമ്മും കോണ്‍ഗ്രസും ഒരു മുന്നണിയുടെ ഭാഗമാകില്ലെന്ന് കോടിയേരി
കോണ്‍ഗ്രസുമായി മുന്നണി ബന്ധമില്ല, പ്രാദേശിക അടവു നയം ഉണ്ടാവുമെന്ന് കോടിയേരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സിപിഎം മുന്നണി ബന്ധമുണ്ടാക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഒരു സംസ്ഥാനത്തും സിപിഎമ്മും കോണ്‍ഗ്രസും ഒരു മുന്നണിയുടെ ഭാഗമാകില്ലെന്ന് കോടിയേരി പറഞ്ഞു. അതേസമയം ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാദേശികാടിസ്ഥാനത്തില്‍ അടവുനയം സ്വീകരിക്കുമെന്നും കോടതിയേരി വ്യക്തമാക്കി.

ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം ബന്ധത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം. കോണ്‍ഗ്രസുമായി മുന്നണി ബന്ധം ഉണ്ടാവില്ല. അത്തരത്തിലുള്ള ഒരു ചര്‍ച്ചയും പാര്‍ട്ടിയുടെ മുന്നിലില്ല. അതേസമയം ബിജെപിയെ തോല്‍പ്പിക്കാനുള്ള അടവു നയത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെ നിലപാടു വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കുക പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന് അനുസരിച്ചുള്ള അടവുനയം സ്വീകരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തില്‍ അല്ല, പ്രാദേശികമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ബിജെപിയെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി ശക്തമല്ലാത്ത ഇടങ്ങളില്‍ മറ്റു പാര്‍ട്ടികള്‍ക്കു പിന്തുണ നല്‍കുമെന്ന് കോടിയേരി പറഞ്ഞു.

ലാവലിന്‍ കേസ് അടഞ്ഞ അധ്യായമാണെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ് അത്. റഫാലില്‍ ബിജെപി രക്ഷിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇപ്പോള്‍ ലാവലിനുമായി വരികയാണ്. റഫാല്‍ അല്ല, ലാവലിന്‍ ആണ് മുല്ലപ്പള്ളിക്കു മുഖ്യ വിഷയമെന്ന് കോടിയേരി കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com