പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് കൊച്ചിയിൽ നഷ്ടപ്പെട്ടു; തിരിച്ചുകിട്ടിയത് ലഖ്നൗവിൽ നിന്ന്

കൊച്ചി വിമാനത്താവളത്തിൽ നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പഴ്സ് ലഖ്നൗ വിമാനത്താവണത്തിൽ നിന്ന് തിരിച്ചുകിട്ടി
പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് കൊച്ചിയിൽ നഷ്ടപ്പെട്ടു; തിരിച്ചുകിട്ടിയത് ലഖ്നൗവിൽ നിന്ന്

നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പഴ്സ് ലഖ്നൗ വിമാനത്താവണത്തിൽ നിന്ന് തിരിച്ചുകിട്ടി. സിഐഎസ്എഫ് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് പഴ്സ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏജൻസിയായ ഒമേ​ഗ എന്റർപ്രൈസസിലെ അസിസ്റ്റന്റ് മാനേജർ കെഎസ് സജിത്തിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സാണ് തിരികെ ലഭിച്ചത്. 

തിങ്കളാഴ്ച വൈകീട്ട് ആറിന് കൊച്ചി വിമാനത്താവള കവാടത്തിന് സമീപത്ത് നിന്നാണ് പഴ്സ് നഷ്ടമായത്. സജിത്ത് സിഐഎസ്എഫിന്റെ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. അവർ നിരീക്ഷണ ക്യമാറകൾ പരിശോധിച്ച് പഴ്സ് കണ്ടെത്താൻ ശ്രമം തുടങ്ങി. 

എയർപോർട്ടിലേക്ക് വരികയായിരുന്ന ലഖ്നൗ സ്വദേശി റോഡിൽ നിന്ന് പഴ്സ് എടുക്കുന്നതായി കണ്ടു. സിഐഎസ്എഫ് ഇയാളുടെ സഞ്ചാരം നിരീക്ഷിച്ചു. തിങ്കളാഴ്ച വൈകിട്ട് 7.20ന് ലഖ്നൗവിലേക്കുള്ള വിമാനത്തിൽ ഇയാൾ പുറപ്പെട്ടതായും കണ്ടെത്തി. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോ​ഗ​സ്ഥർ ഉടൻ ലഖ്നൗ വിമാനത്താവളത്തലെ സിഐഎസ്എഫ് അധികൃതരുമായി ബന്ധപ്പെട്ടു. യാത്രക്കാരന്റെ സിസി ടിവി ദൃശ്യങ്ങളും കൈമാറി. 

ലഖ്നൗ വിമാനത്താവളത്തിൽ ഇറങ്ങി പുറത്തിറങ്ങുന്നതിന് മുൻപായി പഴ്സ് കളഞ്ഞുകിട്ടിയ യാത്രക്കാരനെ ദേഹ പരിശോധന നടത്തി സിഐഎസ്എഫ് ഉദ്യോ​ഗസ്ഥർ സജിത്തിന്റെ പഴ്സ് കണ്ടെടുക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ യാത്രക്കാരനെ താക്കീത് നൽകി വിട്ടയച്ചു. ബുധനാഴ്ച സജിത്തിന്റെ പഴ്സ് ലഖ്നൗവിൽ നിന്ന് വിമാന മാർ​ഗം കൊച്ചി വിമാനത്താവളത്തിലെത്തിച്ച് വ്യാഴാഴ്ച സിഐഎസ്എഫ് അധികൃതർ ഇത് കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com