വീണ്ടും മത്സരിക്കണമെന്ന് പിടിവാശിയില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്

'മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്. എനിക്കുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതുതന്നെയാണ്'
വീണ്ടും മത്സരിക്കണമെന്ന് പിടിവാശിയില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്

കൊച്ചി: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ചാലക്കുടിയില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്. വീണ്ടും മത്സരിക്കണമെന്ന് തനിക്ക് പിടിവാശിയില്ല.  മത്സരിച്ചാല്‍ വിജയം ഉറപ്പാണ്. 'മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്. എനിക്കുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതുതന്നെയാണ്.' ഇന്നസെന്റ് പറഞ്ഞു. 

ആരോഗ്യമേഖലയില്‍ നടപ്പാക്കിയ പദ്ധതികളാണ് തന്റെ നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. അര്‍ബുദത്തെ പുഞ്ചിരിയോടെ ചെറുത്തു തോല്‍പ്പിച്ച ഇന്നസെന്റിന് ക്യാന്‍സര്‍ പരിശോധനയ്ക്കും ചികിത്സയ്ക്കും കൂടുതല്‍ സൗകര്യങ്ങള്‍ തന്റെ മണ്ഡലത്തില്‍ എത്തിക്കുക എന്നത് ഒന്നാമത്തെ പരിഗണന ആയിരുന്നു. അഞ്ച് താലൂക്ക് ആശുപത്രികളാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ആ അഞ്ച് കേന്ദ്രങ്ങളിലും മാമോഗ്രാം യൂണിറ്റുകളും ഡയാലിസിസ് യൂണിറ്റുകളും എംപിയുടെ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചതായും ഇന്നസെന്റ് പറഞ്ഞു

മുമ്പ് മാമോഗ്രാം പരിശോധനയ്ക്ക് ആളുകള്‍ സ്വകാര്യ ആശുപത്രികളില്‍ പോകണമായിരുന്നു. ഇവിടങ്ങളില്‍ യൂണിറ്റ് തുടങ്ങിയ ശേഷം ഇരുന്നൂറോളം പേരെ രോഗബാധിതരായി കണ്ടെത്തിയിരുന്നു. കരയാംപറമ്പിലുള്ള അജിത എന്ന സ്ത്രീയെ ഇന്നസെന്റ് ഓര്‍ത്തെടുക്കുന്നു, 'അവരൊരു വനിതാസംരംഭകയായിരുന്നു.  പേരക്കുട്ടിയെ ഡോക്ടറെ കാണിക്കാനെത്തിയപ്പോള്‍ വെറുതെ പരിശോധന നടത്തിയതാണ്, അവര്‍ക്ക് സ്തനാര്‍ബുദമുള്ളതായി കണ്ടെത്തി. ഉടനെ ചികിത്സ ആരംഭിച്ചത് കൊണ്ട് അജിതയ്ക്ക് സുഖം പ്രാപിക്കാനായി' ഒരു പൊതുപരിപാടിക്കിടെ അജിത തന്റെ അടുത്തെത്തി നന്ദി പറഞ്ഞത് ചാലക്കുടിയുടെ എംപി വലിയ അംഗീകാരമായിക്കാണുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ടെക്‌നോളജി സെന്റര്‍ അങ്കമാലിയിലെത്തിച്ചത് തന്റെ മറ്റൊരു വലിയ നേട്ടമായി ഇന്നസെന്റ് കാണുന്നു. ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ മന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തിന് ആദ്യത്തെ ടെക്‌നോളജി സെന്റര്‍ നല്‍കുന്നത് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലാണ്. ടെക്‌നോളജി സെന്ററിന്റെ നിര്‍മാണം ആരംഭിക്കാന്‍ സാധിച്ചു.ഗ്രാമീണ റോഡ് വികസനത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയാണ് പിഎസ്ജിഎസ്!ഐ. ആ പദ്ധതിയുടെ കീഴില്‍ ഒരു പാലം ആദ്യമായി അനുവദിച്ച് കിട്ടുന്നത് ചാലക്കുടിയിലാണ്. കേന്ദ്ര റോഡ് ഫണ്ടിന് കീഴില്‍ 112 കോടി രൂപയുടെ പുതിയ റോഡുകള്‍ നിര്‍മിക്കപ്പെട്ടു. അടിസ്ഥാന സൗകര്യ മേഖലയില്‍ വലിയ മാറ്റം ഉണ്ടാക്കാനും സാധിച്ചു ഇന്നസെന്റ് പറഞ്ഞു.

ചാലക്കുടിയില്‍ നാഗത്താന്‍ പാറ എന്നൊരു പട്ടികജാതി കോളനി ഉണ്ട്. അവിടെ കറന്റ് എത്തിയിട്ടില്ലായിരുന്നു എന്നത് തനിക്ക് വലിയ സങ്കടമായിരുന്നുവെന്ന് ഇന്നസെന്റ്. നാഗത്താന്‍ പാറ കോളനിയില്‍ ആകെ  20 കുടുംബങ്ങളാണ് ഉള്ളത്. എല്ലാ വീടുകളിലുമായി ഏതാണ്ട് നൂറോളം ആളുകള്‍. രാത്രി കാലങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകാന്‍ സാധ്യത ഉള്ളതുകൊണ്ട് കൊണ്ട് ഈ സാധുക്കള്‍ എന്നും മലയിറങ്ങി വന്ന് താഴെ ബന്ധു വീടുകളിലൊക്കെയാണ് താമസിച്ചിരുന്നത്.തലമുറകളായി അതവരുടെ ശീലമായിരുന്നു. അവിടേക്ക് കറന്റ് എത്തിക്കാനായതാണ് തന്റെ വലിയ നേട്ടമെന്ന് ഇന്നസെന്റ് പറയുന്നു. 'അത് വലിയ അടങ്കലുള്ള പദ്ധതിയൊന്നും അല്ലായിരുന്നു. ഒരു  മൂന്നരക്കോടി രൂപയുടെ പദ്ധതി.. എങ്കിലും അതുണ്ടാക്കിയ സന്തോഷം ചെറുതായിരുന്നില്ല..' ഇന്നസെന്റ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com