സാമൂ​ഹിക സുരക്ഷാ പെൻഷൻ; ധന വകുപ്പിന് സർക്കാരിന്റെ തിരുത്ത് ! അനർഹരുടെ പട്ടികയിലെ 76% പേരും അർഹതയുള്ളവർ 

സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ അനർഹരെന്ന് കാണിച്ച് ധന വകുപ്പ് പട്ടികയിലുൾപ്പെടുത്തിയവരിൽ 76 ശതമാനം പേരും അർഹതയുള്ളവരാണെന്ന് തിരുത്തി സർക്കാർ
സാമൂ​ഹിക സുരക്ഷാ പെൻഷൻ; ധന വകുപ്പിന് സർക്കാരിന്റെ തിരുത്ത് ! അനർഹരുടെ പട്ടികയിലെ 76% പേരും അർഹതയുള്ളവർ 

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ അനർഹരെന്ന് കാണിച്ച് ധന വകുപ്പ് പട്ടികയിലുൾപ്പെടുത്തിയവരിൽ 76 ശതമാനം പേരും അർഹതയുള്ളവരാണെന്ന് തിരുത്തി സർക്കാർ. അനർഹരായി കണ്ടെത്തിയ 66,637 പേരിൽ 51,195 പേരും അർഹരായിരുന്നുവെന്നാണു പരിശോധനയിൽ തെളിഞ്ഞത്. അനർഹരെന്നു ചൂണ്ടിക്കാട്ടിയവരുടെ പെൻഷൻ പിഴവു ബോധ്യപ്പെട്ടതോടെ ഇത് പുനഃസ്ഥാപിച്ചു.

പെൻഷൻ പട്ടികയിലെ അനർഹരെ കണ്ടെത്താൻ തദ്ദേശഭരണ, മോട്ടോർ വാഹന, ഭക്ഷ്യ വകുപ്പുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് ഒത്തുനോക്കിയ ഡിജിറ്റൽ സംവിധാനം പിഴവു നിറഞ്ഞതായിരുന്നുവെന്ന് ഇതോടെ വ്യക്തമായി. മന്ത്രി എസി മൊയ്തീനാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ ഇതിന്റെ കണക്ക് രേഖാമൂലം അവതരിപ്പിച്ചത്. 

1000 സിസിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള വാഹനങ്ങളുടെ ഉടമകളെയും മരണ റജിസ്ട്രേഷൻ ഡേറ്റാബേസിൽ ഉൾപ്പെട്ടവരെയുമാണ് അനർഹരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, അപാകത കണ്ടെത്തിയതോടെ ആദ്യ ഘട്ടത്തിൽ തന്നെ 4,617 പേരെ ഒഴിവാക്കിയിരുന്നു. നിലവിൽ 45.01 ലക്ഷം പേരാണു സംസ്ഥാനത്തു ക്ഷേമ പെൻഷൻ വാങ്ങുന്നത്. 

അനർഹരുടെ പട്ടികയിൽ അർഹതയുള്ളവരും കടന്നുകൂടിയതായി കണ്ടെത്തിയതിനെ തുടർന്ന് പുനഃപരിശോധിക്കാൻ കഴിഞ്ഞ സെപ്റ്റംബറിലാണു സർക്കാർ നിർദേശിച്ചത്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പട്ടികയിലുള്ളവരുടെ വീടുകളിൽ നേരിട്ടെത്തി പരിശോധിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. അർഹരെന്നു തെളിഞ്ഞാൽ നാല് മാസത്തെ പെൻഷൻ ഉടൻ വിതരണം ചെയ്യാനും നിർദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com