എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ ദേവികുളം സബ് കലക്ടർ ഹൈക്കോടതിയിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2019 04:48 PM |
Last Updated: 10th February 2019 04:48 PM | A+A A- |
മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കലക്ടര്‍ രേണു രാജ് നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം സംബന്ധിച്ച കാര്യങ്ങള്‍ കോടതിയെ അറിയിക്കും. റവന്യൂ വകുപ്പിന്റെ നടപടികള്‍ തടസപ്പെടുത്തിയ എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ നടപടിയും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സബ് കലക്ടര്‍ പറഞ്ഞു.
മൂന്നാറിലെ അനധികൃത നിര്‍മാണം തടയുന്നതിന് റവന്യൂ വകുപ്പ് അധികൃതകര്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എജി ഓഫീസ് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് നല്‍കും.
അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എക്കെതിരേ സബ് കലക്ടര്‍ പരാതി നല്‍കിയിരുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കലക്ടറെയും നേരിട്ട് ഫോണില്‍ വിളിച്ചാണ് സബ് കലക്ടര്‍ പരാതി അറിയിച്ചത്.
മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എംഎല്‍എ തടഞ്ഞതും സബ് കലക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിട നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്ടര്‍ക്ക് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.