വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു, അവളെന്ന് വിളിച്ചത് ബഹുമാനത്തോടെ; നിർമാണപ്രവർത്തനങ്ങൾ തുടരുമെന്നും എസ് രാജേന്ദ്രൻ എംഎൽഎ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th February 2019 07:48 PM |
Last Updated: 10th February 2019 07:48 PM | A+A A- |
മൂന്നാര്‍: അനധികൃത നിര്‍മാണം തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേവികുളം സബ് കലക്ടര്‍ രേണു രാജിനെതിരെ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ. തന്‍റെ പരാമർശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
'വീട്ടില്‍ ഭാര്യയേയും മക്കളേയും 'അവൾ' എന്ന് വിളിക്കുന്നത് പതിവാണ്. അത്തരത്തിലാണ് സബ് കളക്ടര്‍ രേണുരാജിനെയും വിളിച്ചത്. ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് തെറ്റില്ലെന്നാണ് കരുതുന്നത്. എങ്കിലും സ്ത്രീസമൂഹത്തിന് തന്‍റെ പരാമർശത്തിൽ വേദനയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു', എംഎൽഎ പറഞ്ഞു.
എന്നാൽ സബ്കളക്ടർ രേണു രാജ് സ്റ്റോപ് മെമ്മോ നൽകിയ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. സർക്കാരിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂവകുപ്പിന്‍റെ എൻഒസി വേണമെന്ന നിലപാട് അംഗീകരിക്കാനാകില്ല, എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എംഎല്‍എ തടഞ്ഞതും സബ് കലക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്. കെട്ടിട നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കലക്ടര്‍ക്ക് ബുദ്ധിയില്ലെന്നും ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ പരാമര്‍ശം