കെഎസ്ഇബിക്ക് 'മണി' നഷ്ടം; 5.44 ലക്ഷം മീറ്ററുകള്‍ കേട്; വരുന്നു സ്മാര്‍ട്ട് മീറ്റര്‍

കെഎസ്ഇബിക്ക് ഉപഭോഗം സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാകും. ഉപയോക്താക്കള്‍ക്കു ബില്ലിലെ തലവേദനകളും ഇല്ലാതാകും
കെഎസ്ഇബിക്ക് 'മണി' നഷ്ടം; 5.44 ലക്ഷം മീറ്ററുകള്‍ കേട്; വരുന്നു സ്മാര്‍ട്ട് മീറ്റര്‍

കൊച്ചി: പട്ടണങ്ങളില്‍ മാസം 230 യൂണിറ്റിലേറെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഇനി സ്മാര്‍ട് മീറ്ററുമായി കെഎസ്ഇബി ഓഫിസില്‍ ഇരുന്നു തന്നെ ഓരോ മീറ്ററിലെയും കണക്കറിയാമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിയിറങ്ങേണ്ട. കെഎസ്ഇബിക്ക് ഉപഭോഗം സംബന്ധിച്ച് കൃത്യമായ കണക്കുണ്ടാകും. ഉപയോക്താക്കള്‍ക്കു ബില്ലിലെ തലവേദനകളും ഇല്ലാതാകും. 

3.2 ലക്ഷം സ്മാര്‍ട് മീറ്ററുകളാണു പുതുതായി സ്ഥാപിക്കുന്നത്. കോഴിക്കോട്ട് 25 സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നിരീക്ഷീക്കുകയാണ്. പൂര്‍ണ തോതില്‍ ആദ്യം നടപ്പാക്കുന്നതു തിരുവനന്തപുരത്തെ കേശവദാസപുരം സെക്ഷനില്‍. 

കേരളത്തില്‍ കേടായ വൈദ്യുതി മീറ്ററുകള്‍ 5.44 ലക്ഷമുണ്ടെന്നാണ് കെഎസ്ഇബിയുടെ കണക്ക്. ഇത്  മൊത്തം കണക്ഷനുകളുടെ 4.35 % വരുമിത്. ഇക്കൂട്ടത്തില് വ്യവസായ കച്ചവട സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും വരെ കൂട്ടത്തിലുണ്ട്. ഇതുമൂലം നഷ്ടം എത്രയാണെന്ന വിവരാവകാശ ചോദ്യത്തിന്, കോടികളുണ്ടാകുമെന്ന ഊഹക്കണക്ക് മാത്രമേ കെഎസ്ഇബിക്കു പറയാനുള്ളൂ.

മീറ്റര്‍ കേടായാല്‍ അടുത്ത ബില്ലിങ് തീയതിക്കു മുന്‍പു പുതിയതു നല്‍കണമെന്നാണു നിര്‍ദേശം. എന്നാല്‍ 2 വര്‍ഷത്തിലേറെയായിട്ടും മാറ്റാത്ത മീറ്ററുകളുണ്ട്. കേടാകുന്നതിനു മുന്‍പുള്ള 3 മാസത്തെ ഉപയോഗത്തിന്റെ ശരാശരി കണക്കാക്കിയുള്ള ബില്‍ അവര്‍ ഇക്കാലമത്രയും അടയ്ക്കുന്നു. മീറ്റര്‍ മാറ്റാനുള്ള കാലതാമസവും ഈ കാലയളവില്‍ ഊഹംവച്ചു ബില്‍ നല്‍കുന്നതും ഗാര്‍ഹിക ഉപയോക്താക്കളുടെ പരാതിക്കും ഇടയാക്കുന്നു. വ്യവസായ സ്ഥാപനങ്ങള്‍ മീറ്ററുകള്‍ േകടാക്കി വൈദ്യുതി മോഷണം നടത്തുന്നതും പതിവാണ്. 4വര്‍ഷം കൊണ്ട് 1100 കേസുകളിലായി പിഴ ഈടാക്കിയത് 8 കോടി രൂപയാണ്. പിടിക്കപ്പെട്ടതില്‍ 163 സ്വകാര്യ വ്യവസായ സ്ഥാപനങ്ങളുമുണ്ട്. കേടാണെന്നു കണ്ടെത്തിയ മീറ്ററുകളുടെ കണക്ക് മാത്രമാണു ലഭ്യം. കേടായിരുന്നിട്ടും അറിയാത്ത മീറ്ററുകള്‍ ഇനിയുമേറെ കാണുമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സൂചിപ്പിക്കുന്നു. ഇതു കണ്ടുപിടിക്കാന്‍ പ്രത്യേക പരിശോധന തുടങ്ങാന്‍ ആലോചിക്കുകയാണു കെഎസ്ഇബി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com