ജയരാജനെതിരായ കുറ്റപത്രം; പിന്നിൽ രാഷ്ട്രീയക്കളി; ബിജെപി- കോൺഗ്രസ് ഗൂഢാലോചന- കോടിയേരി
By സമകാലികമലയാളം ഡെസ്‌ക് | Published: 11th February 2019 04:43 PM |
Last Updated: 11th February 2019 04:43 PM | A+A A- |

തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ സിബിഐ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റപത്രത്തിന് പിന്നിൽ രാഷ്ട്രീയക്കളിയാണ്. ബിജെപി- കോൺഗ്രസ് ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും കോടിയേരി ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പൊലീസ് നേരത്തെ തള്ളിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കുറ്റപത്രം രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം ആരോപിച്ചു. പുതിയ തെളിവുകൾ ഇല്ലാതെയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയും. രാഷ്ട്രീയമായി സിബിഐയെ ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം വ്യക്തമാക്കി.
2012 ഫെബ്രുവരി 20 നായിരുന്നു എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി തലശ്ശേരി കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 320, 120 ബി വകുപ്പുകളാണ് ജയരാജനെതിരെ ചുമത്തിയിട്ടുള്ളത്. ടിവി രാജേഷ് എംഎല്‍എക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.
ജയരാജനെ 32 ആം പ്രതിയായും ടിവി രാജേഷ് എംഎല്‍എയെ 33-ാം പ്രതിയുമായാണ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുള്ളത്. കൊലപാതകത്തിനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.