ഒറ്റയ്ക്കു തിരി തെളിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരം; മാധ്യമ പ്രവര്‍ത്തകര്‍ തോന്നുന്നത് എഴുതി വയ്ക്കരുതെന്ന് കണ്ണന്താനം

ഒറ്റയ്ക്കു തിരി തെളിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരം; മാധ്യമ പ്രവര്‍ത്തകര്‍ തോന്നുന്നത് എഴുതി വയ്ക്കരുതെന്ന് കണ്ണന്താനം
ഒറ്റയ്ക്കു തിരി തെളിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരം; മാധ്യമ പ്രവര്‍ത്തകര്‍ തോന്നുന്നത് എഴുതി വയ്ക്കരുതെന്ന് കണ്ണന്താനം

തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനത്തിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രങ്ങള്‍ അനുസരിച്ചെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വേദിയിലുള്ള മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതെ ഒറ്റയ്ക്ക് നിലവിളക്കു തെളിയിച്ചെന്നു വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് കണ്ണന്താനം ഫെയ്‌സ്ബുക്കിലൂടെ വിശദീകരണം നല്‍കിയത്. 

മന്ത്രി കടകംപള്ളി സുരേന്ദ്രനും എ.സമ്പത്ത് എംപിക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തിയെന്നാണ് വാര്‍ത്തകള്‍ വന്നത്. ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നതെന്ന് കണ്ണന്താനം വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. 

''ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു. 

സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചത്് '' -കണ്ണന്താനം വ്യക്തമാക്കി.

''മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ മനസില്‍ തോന്നുന്നതല്ല എഴുതേണ്ടത് മറിച്ച് എഴുതാന്‍ പോകുന്ന വിഷയത്തെ കുറിച്ച് വിശദമായി അന്വേഷിച്ചാണ് എഴുതേണ്ടത്. അതാണ് ശരിയായ മാധ്യമ ധര്‍മ്മം'' - കണ്ണന്താനം വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com